ന്യൂദല്‍ഹി :ലഹരി പാര്‍ട്ടികള്‍ക്കായി പാമ്പിന് വിഷം വിതരണം ചെയ്യുന്ന അഞ്ചംഗസംഘം പിടിയില്‍. സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ച് യൂട്യൂബറും ബിഗ് ബോസ് ഷോ വിജയിയുമായി എല്‍വിഷ് യാദവിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും ഒരു ശതമാനം പോലും കുറ്റം തന്റെ പേരില്‍ കണ്ടെത്തിയാല്‍ പൊലീസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും എല്‍വിഷ് പറഞ്ഞു
മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് (പിഎഫ് എ)എന്ന സംഘടനയിലെ അംഗങ്ങള്‍ ഒരുക്കിയ കെണിയിലാണ് പ്രതികളായ അഞ്ചംഗസംഘം കുടുങ്ങിയത്. ദല്‍ഹിയില്‍ ബദര്‍പൂരിലെ മൊലാര്ബന്ദ് ഗ്രാമത്തിലെ രാഹുല്‍, തീതുനാഥ്, ജയ്കരന്, നാരായണ്‍, രവിനാഥ് എന്നിവരാണ് അറസ്റ്റിലായവര്‍. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
മേനകഗാന്ധിയുടെ സംഘമായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് ആണ് നോയിഡയില്‍ സെക്ടര്‍ 51ല്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിന് പാമ്പിന് വിഷവും പാമ്പുകളും വേണമെന്ന് ആവശ്യപ്പെട്ട് സംഘടനാ അംഗങ്ങള്‍ എല്‍വിഷ് യാദവിനെ സമീപിച്ചു. പിന്നീട് എല്‍വിഷ് യാദവിന്റെ ഒരു അനുയായിയുമായി ഇവര്‍ കരാര്‍ ഉറപ്പിച്ചു. തുടര്‍ന്ന് നടന്ന പാര്‍ട്ടിയില്‍ വിഷപ്പാമ്പുകളും പാമ്പിന്‍വിഷവുമായി സംഘം എത്തി. പാര്‍ട്ടി നടക്കുന്നതിനിടയില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസറേയും പൊലീസിനേയും വിവരമറിയിച്ചു. ഇതോടെ പാഞ്ഞെത്തിയ പൊലീസ് സംഘം പാമ്പുകളെയും പാമ്പിന് വിഷവും ഇവയെ കൊണ്ടുവന്ന അഞ്ചംഗ സംഘത്തേയും പിടികൂടി. എല്‍വിഷ് യാദവ് സംഘത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘത്തിന്റെ കയ്യില്‍ നിന്ന് ഒന്‍പത് പാമ്പുകളെ രക്ഷപ്പെടുത്തി.
നോയിഡയുടെ പലഭാഗങ്ങളിലും പാമ്പുകളെയും അവയുടെ വിഷവും ഉപയോഗിച്ച് ഇവര്‍ ലൈവ് വിഡിയോകള്‍ ചെയ്യാറുണ്ട്. കോബ്ര തുടങ്ങിയ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പാമ്പുകളേയാണ് സംഘം പരിപാടിക്കായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: