തിരുവനന്തപുരം: പാലസ്തീന് ഐക്യദാര്‍ഢ്യത്തിന്റെ മറവില്‍ ലീഗിനെ യുഡിഎഫില്‍ നിന്നും തെറ്റിച്ച് ഒപ്പം കൂട്ടാന്‍ സിപിഎം.
നവംബര്‍ 11ന് കോഴിക്കോട് സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്ത ഉള്‍പ്പെടെ സമുദായ സംഘടനകളെയും മുസ്ലിം ലീഗിനെയും പങ്കെടുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.
ഏക സിവില്‍ കോഡിനെതിരെയുള്ള സിപിഎം പരിപാടിയില്‍ ലീഗിനെ എത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ പാലസ്തീന് യുദ്ധം ഉയര്‍ത്തിക്കാട്ടി ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തിമാറ്റാനാണ് പുതിയ ശ്രമം. ക്ഷണം ലഭിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സിപിഎം ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നാണ് മുസ്ലിം ലീഗ് എംപി ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ലീഗിന്റെ നിലപാടിനെ പ്രശംസിച്ച് എ.കെ.ബാലനും രംഗത്ത് വന്നിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ മുസ്ലിംലീഗ് ഇന്ന് തീരുമാനമെടുക്കും. വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടി നടത്തുന്നതില്‍ തീരുമാനം ആയിട്ടില്ല. മാത്രമല്ല കെപിസിസി മുന്നറിയിപ്പിനെ മറികടന്ന് മലപ്പുറത്ത് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ ആര്യാടന് ഫൗണ്ടേഷന് പലസ്തീന് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കുകയും ചെയ്തു.
കെപിസിസി വിലക്ക് ഉള്ളതിനാല്‍ നേതാക്കള്‍ വിട്ടുനില്കുകയും ചെയ്തു. വിഭാഗീയ പ്രവര്‍ത്തനമായതിനാല്‍ പിന്മാറണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടിയെടുക്കേണ്ടി വരുമെന്നും കാണിച്ച് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ആര്യാടന് ഷൗക്കത്തിന് കത്തയച്ചത്. ഇതടക്കം അനുകൂല സാഹചര്യം ആക്കിമാറ്റാനാണ് സിപിഎമ്മിന്റെ തീരുമാനം. കൂടാതെ കെപിസിസി അധ്യക്ഷന്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ നടത്തിയ പരാമര്‍ശവും വലിയ ചര്‍ച്ചയാക്കി ലീഗിനെ കോണ്‍ഗ്രസ്സുമായി പിണക്കി നിര്‍ത്താനാണ് സിപിഎം നീക്കം. കോണ്‍ഗ്രസിനെ ഒഴിവാക്കി പകരം ലീഗിനെ ക്ഷണിച്ച് മുസ്ലിം സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കാനുള്ള ശ്രമം കൂടിയാണ് സിപിഎം നടത്തുന്നത്.
പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പി.എം.എ. സലാം; തീരുമാനിച്ചിട്ടില്ലെന്ന് മുനീര്‍
സിപിഎം സംഘടിപ്പിക്കുന്ന, പാലസ്തീന് ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗില്‍ ഭിന്നത ഉടലെടുത്തു. പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഇ.ടി. മുഹമ്മദ് ബഷീറും പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പറഞ്ഞു. സിപിഎം ക്ഷണം ലഭിച്ചു. ഇക്കാര്യത്തില്‍ ഇന്നു ചേരുന്ന പാര്‍ട്ടി യോഗം തീരുമാനിക്കും, സലാം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് എം.കെ. മുനീര്‍ പ്രതികച്ചത്. മൂന്നു പേര് രണ്ടു തരത്തില്‍ പ്രതികരിച്ചതോടെ ലീഗില്‍ ഭിന്നത ശക്തമായെന്ന് വെളിവായി.
കോണ്‍ഗ്രസിലും ഭിന്നത; വിലക്കു ലംഘിച്ച് ആര്യാടന് ഷൗക്കത്ത്
പാലസ്തീന് പ്രശ്നം യുഡിഎഫില്‍ മാത്രമല്ല കോണ്‍ഗ്രസിലും വിഷയമായിട്ടുണ്ട്. ഇന്നലെ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ആര്യാടന് ഫൗണ്ടേഷന് നടത്താനിരുന്ന പാലസ്തീന് റാലി കെപിസിസി ഇടപെട്ടു വിലക്കി. എന്നാല്‍, വിലക്കു ലംഘിച്ച് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ പരിപാടി നടത്തി. കനത്ത മഴയെ അവഗണിച്ചു നടത്തിയ പരിപാടിയില്‍ നല്ല പങ്കാളിത്തവുമുണ്ടായി. മലപ്പുറത്തെ മിക്ക കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ പങ്കെടുത്തു. മലപ്പുറം ടൗണ്‍ ഹാളില്‍ നിന്നാരംഭിച്ച റാലിക്കു ശേഷം പൊതുസമ്മേളനം നടത്തി.
ഇതു ഗ്രൂപ്പ് പരിപാടിയാണെന്നും സ്വന്തം നിലയ്ക്കും ഗ്രൂപ്പിനും മൈലേജ് ഉണ്ടാക്കാനാണിതെന്നും വിമര്‍ശനമുണ്ട്. അതേ സമയം കോണ്‍ഗ്രസ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിട്ടില്ല. സംഘടിപ്പിച്ചവരെ വിലക്കിയെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: