കൊച്ചി: മേല്‍ശാന്തി നറുക്കെടുപ്പിനെതിരായ ഹര്‍ജിയില്‍ ശബരിമല മേല്‍ശാന്തിക്കും, സ്പെഷല്‍ കമ്മിഷണര്‍ക്കും, തിരുവതാംകൂര്‍ ദേവസ്വത്തിനും ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് ജി. ഗിരിജ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഭക്തരുടെ സംശയ നിവരണത്തിനായി ഹര്‍ജി പരിഗണിക്കുന്നത് ഉചിതമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം.
ഹര്‍ജിയിലെ അഞ്ചാം എതിര്‍കക്ഷിയായ പി.എന്‍. മഹേഷാണ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്, എന്നാല്‍ അദ്ദേഹത്തിനെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഇല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. എങ്കിലും അദ്ദേഹത്തിനും പ്രത്യേക ദൂതന് വഴി നോട്ടീസ് അയക്കുന്നതിന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ഹര്‍ജിക്കാരന്റെ അഭിഭാഷകന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം സ്വദേശിയായ മധുസൂദനന് നമ്പൂതിരിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മേല്‍ശാന്തി നറുക്കെടുപ്പിന് ചിലരുടെ പേരെഴുതിയ കുറിപ്പുകള്‍ ചുരുട്ടാതെയിട്ടുവെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കുന്നതിന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് വീഡിയോ ദൃശ്യങ്ങള്‍ കോടതിയും പരിശോധിച്ചു. തുടര്‍ന്നാണ് ഹര്‍ജി സംബന്ധിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനം എടുത്തത്. ഒക്ടോബര്‍ 18 നായിരുന്നു മേല്‍ശാന്തി നറുക്കെടുപ്പ്. ഹര്‍ജി ഹൈക്കോടതി ചെവ്വാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: