തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടിക്കുള്ളില്‍ നടപടി വേണമെന്ന് ഇ.പി. ജയരാജനും ബേബി ജോണും. ഇ ഡി പ്രതിചേര്‍ത്തവരെയും സംശയനിഴലിലുള്ളവരെയും സംരക്ഷിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിനുള്ളില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്. കേസില്‍ പ്രതിയായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍, ഇ ഡി പലവട്ടം ചോദ്യം ചെയ്ത കൗണ്‍സിലര്‍മാരായ മധു അമ്പലപുരം, അനൂപ് ഡേവിസ് കാട എന്നിവരെ സംരക്ഷിക്കുന്നതിലാണ് ആക്ഷേപമുയരുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമായ ബേബി ജോണ്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ തുറന്നടിച്ചു. എ. സി. മൊയ്തീനുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് ഈ മൂന്നു പേരും. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്താല്‍ ഇ ഡിയുടെ അന്വേഷണത്തിന്റെ അടുത്തഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതികളാകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്കെതിരെയും നടപടി വേണ്ടിവരും. നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളവര്‍. ബേബി ജോണ്‍ ലക്ഷ്യമിടുന്നതും മൊയ്തീനും കണ്ണനുമെതിരായ പാര്‍ട്ടി നടപടി തന്നെയാണ്.
ഇ.പി. ജയരാജന്‍, പി.കെ. ബിജു എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും ഇ ഡിക്ക് മുന്നില്‍ മൊഴികളുണ്ട്. തന്റെ പേര് തൃശ്ശൂരിലെ ചില നേതാക്കള്‍ ഒറ്റുകൊടുത്തതാണെന്ന നിലപാടിലാണ് ഇ.പി. തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലറായ അനൂപ് ഡേവിസ് കാടയാണ് ഇ.പിയുടെ പേര് ഇ ഡിക്ക് മുന്നില്‍ പറഞ്ഞത് എന്ന് കരുതുന്നു. കണ്ണനും മൊയ്തീനും ചേര്‍ന്നാണ് അനൂപിനെക്കൊണ്ട് തന്റെ പേര് പറയിച്ചതെന്നാണ് ഇ.പിയുടെ നിലപാട്. അനൂപിനെ പുറത്താക്കണമെന്ന് ഇ.പി. ജയരാജന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാലത്ത് അകന്നു നിന്നിരുന്ന ബേബി ജോണും ഇ.പി. ജയരാജനും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരേ മനസാണ്.
കേസിലെ തുടരന്വേഷണം ശക്തമാക്കുമെന്നും നൂറിലേറെ പ്രതികളെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുണ്ടെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 200 കോടിയോളം കണ്ടെത്താനുമുണ്ട്. നിലവില്‍ അഞ്ച് കമ്പനികളും അമ്പത് വ്യക്തികളുമാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 87.75 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടി. ഇത് കോടതിയുടെ അനുവാദത്തിന് വിധേയമായി നിക്ഷേപകര്‍ക്ക് നല്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: