ശാസ്താംകോട്ട: ക്ഷേത്രത്തില്‍ നിന്ന് നാട്ടിലിറങ്ങിയ കുരങ്ങുകളെ പിടികൂടി നാടുകടത്തുകയല്ല, സംരക്ഷണമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. ഭക്ഷണം തേടിയാണ് കുരങ്ങുകള്‍ നാട്ടില്‍ ഇറങ്ങുന്നതെന്നും ക്ഷേത്രത്തിലെത്തിച്ച് ആവശ്യമായ ഭക്ഷണം നല്കിയാല് ശല്യം ഉണ്ടാക്കില്ലെന്നും ഭക്തജനങ്ങള്‍ പറയുന്നു.
ചന്തക്കുരങ്ങുകളെ നാടുകടത്താനുള്ള വനംവകുപ്പിന്റെയും ഗ്രാമ പഞ്ചായത്ത് അധികൃതരുടെയും നീക്കത്തിനെക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ക്ഷേത്ര ഉപദേശക സമിതിക്കും ഹിന്ദു ഐക്യവേദിക്കും പിന്നാലെ പ്രദേശവാസികളും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തുവന്നു.
ക്ഷേത്രക്കുരങ്ങുകളില്‍ ചിലത് നാട്ടിലിറങ്ങി ശല്യക്കാരാകുന്നുവെന്ന ഒറ്റപ്പെട്ട പരാതി ഉണ്ടെങ്കിലും കുരങ്ങുകളെ വനം വകുപ്പ് പിടികൂടിയാല്‍ അത് വ്യാപകമായ പ്രതിഷേധത്തിന്
കാരണമാകുമെന്ന് ദേവസ്വം ബോര്‍ഡിനും ആശങ്കയുണ്ട്. ക്ഷേത്രത്തില്‍ നിന്ന് നാട്ടിലിറങ്ങിയ കുരങ്ങുകള്‍ ചന്തയിലും ടൗണിലെ മരകൊമ്പുകളും കേന്ദ്രീകരിച്ചാണ് തമ്പടിച്ചിരിക്കുന്നത്. ഇവയെ വീണ്ടും ക്ഷേത്രത്തിലെത്തിച്ച് ഭക്ഷണം നല്കി പരിപാലിച്ചാല്‍ ഈ സംഘം ക്ഷേത്രത്തില്‍ തന്നെ കഴിയും. മറിച്ച് പിടിച്ച് വനത്തില്‍ തള്ളുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് പൊതുവിലുള്ളത്.
20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുരങ്ങുകളെ കേന്ദ്ര വാതാവരണ്‍ സംഘം പിടിച്ചു കൊണ്ടുപോയപ്പോള്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കുരങ്ങിനെ പിടികൂടാന്‍ വന്നവരുടെ കൂട് തകര്‍ക്കുകയും റോഡ് ഉപരോധിക്കുകയും മറ്റുമായി ഭക്തര്‍ തെരുവിലിറങ്ങി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ ശേഷമാണ് വാതാവരണ്‍ സംഘത്തിന് കുരങ്ങുകളെ പിടികൂടാനായത്. അന്ന് പിടിച്ചു കൊണ്ടു പോയി ചെന്തുരുണി വന്യജീവി സങ്കേതത്തിലാക്കിയ നൂറിലധികം കുരങ്ങുകള്‍ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാതെ പട്ടിണി കിടന്നു ചത്തു. വീണ്ടും ഈ ഒരവസ്ഥ ഉണ്ടാകരുതെന്ന് ഭക്തരും നാട്ടുകാരില്‍ നല്ലൊരു വിഭാഗവും ആഗ്രഹിക്കുന്നു.
ക്ഷേത്രത്തിന്റെ ഉല്‍പ്പത്തി കാലം മുതല്‍ ക്ഷേത്ര അന്തേവാസികളായിരുന്നു ശാസ്താംകോട്ടയിലെ വാനര സംഘം. രാജഭരണകാലം മുതല്‍ ക്ഷേത്രക്കുരങ്ങുകള്‍ക്ക് വയറു നിറയെ ഭക്ഷണം നല്കാന് പ്രത്യേകം തുക ക്ഷേത്രത്തില്‍ രാജാക്കന്മാര് അനുവദിച്ചിരുന്നു. രാജഭരണം അവസാനിച്ച് ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതോടെ കുരങ്ങുകളുടെ സ്ഥിതി മോശമായി. മുന്‍പ് നല്കി കൊണ്ടിരുന്ന ഭക്ഷണത്തിന്റെ അളവ് വെട്ടിച്ചുരുക്കി.
പട്ടിണി സഹിക്കാനാകാതെ ക്ഷേത്രക്കുരങ്ങുകള്‍ പുറത്തിറങ്ങി തൊട്ടടുത്ത ചന്തയിലും വീടുകളിലും കടന്നു കയറി ഭക്ഷണ സാധനങ്ങള്കവരാന് തുടങ്ങി. ഇതോടെ ക്ഷേത്രക്കുരങ്ങുകളും ചന്തക്കുരങ്ങുകളും രണ്ട് വിഭാഗമായി. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പരാതിയില്‍ അന്ന് വാതാവരണ്‍ സംഘമെത്തി ചന്തക്കുരങ്ങുകളെ പിടികൂടിയത്.
ഈ സംഭവം കേട്ടറിഞ്ഞ ശാസ്താംകോട്ടക്കാരനായ അമേരിക്കന്‍ വ്യവസായി കുരങ്ങുകള്‍ക്കായി ബാങ്കില്‍ പണം നിക്ഷേപിക്കുകയും അതിന്റെ പലിശ കൊണ്ട് കുരങ്ങുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്കാന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തുകയുമായിരുന്നു. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ദേവസ്വം ബോര്‍ഡ് കുരങ്ങുകളെ വേണ്ട രീതിയില്‍ പരിപാലിച്ചാല്‍ കുരങ്ങുകള്‍ നാട്ടിലിറങ്ങി പ്രശ്നക്കാരില്ലന്നാണ് പൊതുവിലുള്ള അഭിപ്രായം.
വാനരന്മാരെ പിടികൂടാന്‍ അനുവദിക്കില്ല: ഹിന്ദു ഐക്യവേദി
ശാസ്താംകോട്ട: ക്ഷേത്രത്തിന് അര കിലോമീറ്റര്‍ ചുറ്റുവട്ടത്തു നിന്നും വാനരന്മാരെ പിടികൂടാന്‍ അനുവദിക്കില്ലെന്ന് ഹിന്ദുഐക്യവേദി കുന്നത്തൂര്‍ താലൂക്ക് കമ്മിറ്റി അറിയിച്ചു. ക്ഷേത്രത്തിലെ അന്തേവാസികളായ വാനര കൂട്ടത്തിന് നാട്ടുകാര്‍ വീടുകളില്‍ പോലും ഭക്ഷണം നല്‍കുന്നത് വിശ്വാസത്തിന്റെ ഭാഗമായാണ്. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തര
ത്തില്‍ വാനരന്മാരെ കെണിയില്‍പെടുത്തി പിടികൂടി നാടുകടത്താനുള്ള നീക്കത്തില്‍ നിന്നും പിന്മാാറിയില്ലായെങ്കില് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് താലൂക്ക് പ്രസിഡന്റ് ഓമനക്കുട്ടന് പിള്ള, സെക്രട്ടറി ജയകുമാര്‍, ജയചന്ദ്രന് പിള്ള എന്നിവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: