ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ താന്‍ തന്നെയാണ് തയ്യാറാക്കുന്നതന്നും അത് പാര്‍ലമെന്റ് വെബ്സൈറ്റിലേക്ക് ചേര്‍ക്കുന്ന ജോലി മാത്രമാണ് വ്യവസായി ദര്ശന് ഹീരാനന്ദാനി ചെയ്തതെന്നുമാണ് മഹുവ മൊയ്ത്ര ഇപ്പോള്‍ സ്വയം ന്യായീകരിക്കുന്നത്. ഇത് എത്രത്തോളം അപകടം നിറഞ്ഞ നീക്കമായിരുന്നു, രാജ്യസുരക്ഷ ഇതുമൂലം എത്രത്തോളം അപകടത്തില്‍പ്പെട്ടു എന്നെല്ലാം തെളിയിക്കുന്ന നാല് കടുപ്പിച്ച ചോദ്യങ്ങള്‍ വെള്ളിയാഴ്ച ഉയര്‍ത്തിയിരിക്കുകയാണ് ബിജെപി എംപി നിഷികാന്ത് ദുബെ. ഇങ്ങിനെ ലോഗിന്‍ ചെയ്യാനുള്ള വണ്‍ ടൈം പാസ് വേഡ് വ്യവസായി ദര്ശന് ഹീരാനന്ദാനിക്ക് നല്കുമ്പോള് പാര്‍ലമെന്റുമായി ബന്ധപ്പെട്ട അതീവരഹസ്യമായ വിവരങ്ങളും ഹീരാനന്ദാനിക്ക് എടുക്കാന്‍ സാധിക്കില്ലേ?. പല രഹസ്യവിവരങ്ങളും മഹുവ മൊയ്ത്രയുമായി പാര്‍ലമെന്റ് പങ്കുവെയ്ക്കുന്നത് വെബ് സൈറ്റിലാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കും മുന്‍പേ രണ്ട് കരട് ബില്ലുകള്‍ നിങ്ങളുടെ പേജിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ചത് കിട്ടിയോ?
എംപി എന്ന നിലിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക് നോളജി (ഐടി) പാര്‍ലമെന്റ് സമിതി, ആരോഗ്യ വകുപ്പ് സമിതി എന്നീ സമിതികള്‍ക്ക് പുറമെ കൂടുതല്‍ ഗൗരവമേറിയ ഡേറ്റാ പ്രൊട്ടക്ഷന്‍ (വിവര സംരക്ഷണം) സംയുക്ത സമിതിയിലും മഹുവ മൊയ്ത്ര അംഗമാണ്. ഹിരാനന്ദാനിക്ക് താല്പര്യമുള്ള ഐടി സ്റ്റാന്റിംഗ് കമ്മിറ്റിയിലും മഹുവ അംഗമാണ്. ഇത് സംബന്ധിച്ച അതീവരഹസ്യമായ പാര്‍ലമെന്റ് രേഖകള്‍ വെബ് സൈറ്റില്‍ മഹുവയ്ക്ക് കിട്ടിയിട്ടുണ്ടോ ഇല്ലയോ? ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഈ രേഖകള്‍ മുഴുവന്‍ ദര്ശന് ഹീരാനന്ദാനിയ്ക്ക് സ്വന്തമാക്കാം.
മഹുവ മൊയ്ത്ര ആരോഗ്യ വകുപ്പിന്റെ സമിതിയില്‍ കൂടി അംഗമാണ്. പാര്‍ലമെന്റ് അയച്ച രഹസ്യരേഖകള്‍ അവരുടെ പേജില്‍ ഉണ്ടോ ഇല്ലയോ? ഡേറ്റ പ്രൊട്ടക്ഷനു വേണ്ടിയുള്ള (വിവര സംരക്ഷണം) സംയുക്ത സമിതിയുടെ രഹസ്യരേഖകള്‍ ഈ പോര്‍ട്ടലില്‍ മഹുവ മൊയ്ത്രയ്ക്ക് ലഭിച്ചിട്ടുണ്ടോ ഇല്ലയോ? അഴിമതിയ്ക്ക് വേണ്ടി ദേശീയ സുരക്ഷ പണയം വെയ്ക്കുകയായിരുന്നു മഹുവ മൊയ്ത്ര. – നിഷികാന്ത് ദുബെ പറഞ്ഞു. പാര്‍ലമെന്റില്‍ അദാനിയ്ക്കെതിരായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര ദര്ശന് ഹീരാനന്ദാനിയില്‍ നിന്നും പണവും വില പിടിപ്പുള്ള സമ്മാനങ്ങളും കൈപ്പറ്റിയിരുന്നു എന്നാണ് ആരോപണം. ഇക്കാര്യം ദര്ശന് ഹീരാനന്ദാനിയും തന്റെ സത്യവാങ്മൂലത്തില്‍ സമ്മതിക്കുകയും ചെയ്തതോടെ മഹുവ മൊയ്ത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തെ നിഷികാന്ത് ദുബെ തന്നെയാണ് മഹുവ ചോദ്യത്തിന് പണം വാങ്ങുന്നുവെന്ന ആരോപണം ആദ്യമായി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: