കൊച്ചി: ഗവ. കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനായി വീണ്ടും ഇന്റര്‍വ്യൂ ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനം ലഭിച്ച ഡോ. ഷീലാകുമാരി, ഡോ. മഞ്ജു രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടെ ഗവ. പ്രിന്‍സിപ്പല്‍മാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അപ്പീലില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമനം ലഭിച്ച പ്രിന്‍സിപ്പല്‍മാര്‍ക്ക് വീണ്ടും ഇന്റര്‍വ്യു നടത്തുന്നതിന് നിര്‍ദേശം നല്കിയിരുന്നത്. അപാകതകള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിച്ച ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ നിയമനത്തിനെതിരെ ഉത്തരവ് നല്കിയിരുന്നത്. ഗവ. കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമന പട്ടികയില്‍ അയോഗ്യരെ ഉള്‍പ്പെടുത്തിയെന്ന പരാതിയിലാണ് ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. സംസ്ഥാനത്തെ യോഗ്യതയുള്ള അധ്യാപകരില്‍ നിന്ന് 43 പേരുടെ പട്ടിക ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി അംഗീകരിക്കുകയും കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ലിസ്റ്റ് പരിഗണിക്കാതെയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വാദം കേട്ട ട്രൈബ്യൂണല്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിച്ച് തുടര്‍നടപടിക്ക് ഉത്തരവിട്ടു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗവ. കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനായി വീണ്ടും ഇന്റര്‍വ്യൂ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: