കോഴിക്കോട്: കേരളം നേരിടുന്ന വികസനമുരടിപ്പും സാമ്പത്തിക തകര്‍ച്ചയും മറച്ചുപിടിക്കാനാണ് പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കേരളീയമെന്ന മാമാങ്കം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത സാമ്പത്തിക തകര്‍ച്ചയിലാണിന്ന്. ഇനിയുള്ള ദിവസങ്ങളില്‍ അത് കൂടുതല്‍ രൂക്ഷമാകും.
കേരളത്തിന്റെ പ്രതിസന്ധി മറച്ചുപിടിക്കാന്‍ ധനകാര്യമന്ത്രി ബാലഗോപാല്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ബാലഗോപാലിനെ വെല്ലുവിളിക്കുകയാണ്. ഏറ്റവും കൂടുതല്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചത് കേരളത്തിനാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന് പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ശമ്പളം മാത്രമല്ല സംസ്ഥാന ജീവനക്കാരുടെ ഡിഎ കുടിശികയടക്കം മുടങ്ങി. കേന്ദ്രപദ്ധതികളുടെ പണം ട്രഷറിയിലെത്തിയിട്ടും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്കാനാകാത്തതിനാല് വികസന പദ്ധതികള്‍ മരവിച്ചു. കരാറുകാര്‍ക്ക് പണം നല്‍കുന്നില്ല.
തൊഴിലുറപ്പ് പദ്ധതി, ജലജീവന്‍ മിഷന് പദ്ധതി, ഉച്ചക്കഞ്ഞി, നെല്‍കൃഷി സംഭരണം എന്നിവയെല്ലാം അവതാളത്തിലാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ബോട്ട് വാങ്ങുന്നതിലും സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം നല്‍കാനാകുന്നില്ല. സംസ്ഥാനവിഹിതം നല്‍കേണ്ട എല്ലാ പദ്ധതികളും മുടങ്ങിയിരിക്കുന്നു.
അതേ സമയം നികുതികൂട്ടി ജനങ്ങളെ പിഴിയുകയും ചെയ്യുന്നു. കുത്തകകളില്‍ നിന്ന് എഴുപതിനായിരം കോടി രൂപയുടെ നികുതി കുടിശിക വസൂലാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നു. അവരില്‍ നിന്ന് സിപിഎം മാസപ്പടി വാങ്ങുന്നതിന്റെ പ്രത്യുപകാരമാണിത്. കടക്കെണി മറച്ചുപിടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഘോഷം നടത്തുന്നത്. ആഘോഷങ്ങളെ ജനം ബഹിഷ്കരിച്ചപ്പോള്‍ ആളെക്കൂട്ടാന്‍ ഉദ്യോഗസ്ഥരോട് ലീവെടുത്ത് കുടുംബസമേതം പങ്കെടുക്കാനാണ് നിര്‍ബന്ധിക്കുന്നത്.
സംസ്ഥാന വൈസ്പ്രസിഡന്റ് പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതിസന്ധികള്‍ ചര്‍ച്ചയാകാതിരിക്കാന്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു: കെ. സുരേന്ദ്രന്
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഇസ്രായേല്‍ പാലിസ്തീന്‍ യുദ്ധത്തെ സിപിഎം ഇതിനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുന്നു. രാജ്യത്ത് എവിടെയും ഹമാസ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. എന്നാല്‍ മലപ്പുറത്ത് അതിനുള്ള സൗകര്യം പിണറായി വിജയന് ചെയ്തുകൊടുത്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തില്ല. പകരം ഇതിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്തരം രാഷ്ട്രീയ പ്രേരിത നടപടികളെയും കേസുകളെയും നിയമപരമായും രാഷ്ട്രീയപരമായും ബിജെപി നേരിടും, സുരേന്ദ്രന് പറഞ്ഞു.
പാലസ്തീനിനെ പിന്തുണയ്ക്കുന്നതിന്റെ മറവില്‍ കൊടും ഭീകരവാദികളെ വെള്ളപൂശുകയാണ് സിപിഎം. മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കുന്നു. മതഭീകരവാദികള്‍ക്കെതിരെ കേസെടുക്കാത്ത സര്‍ക്കാര്‍ അവര്‍ നടത്തുന്ന റാലികള്‍ക്ക് സംരക്ഷണം നല്കുന്നു. ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി നല്‍കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ സമീപനത്തിന്റെ ഉദാഹരണമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: