അതിവേഗത്തില്‍ ഭാരതം 13-ാം ലോകകപ്പിന്റെ സെമിയിലേക്ക് പ്രവേശിച്ചു. ലങ്കയ്‌ക്ക് മുന്നില്‍ 358 റണ്‍സിന്റെ വിജയ ലക്ഷ്യം മുന്നില്‍ വയ്‌ക്കുമ്പോള്‍ ഒട്ടും വിചാരിച്ചില്ല, അവര്‍ 20 ഓവര്‍ കൊണ്ട് എല്ലാവരും പുറത്താകുമെന്ന്. ഇക്കഴിഞ്ഞ സപ്തംബര്‍ 17ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ട കാഴ്ചയുടെ തനിയാവര്‍ത്തനം ആണ് ഇന്നലെ വാംഖഡെയില്‍ കണ്ടത്. അതിനേക്കാള്‍ ഗംഭീരം എന്നു പറയേണ്ടിവരും.
തുടക്കം കണ്ടപ്പോള്‍ ഒന്നു നടുങ്ങി. ദില്‍ഷന്‍ മധുഷനകയെ ആദ്യ പന്ത് ബൗണ്ടറി പായിച്ച രോഹിത് ശര്‍മ്മയെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി. ലങ്ക പ്രതികാരത്തിനുള്ള പുറപ്പാടെന്ന് തോന്നിച്ചെങ്കിലും കോഹ്‌ലിയും ഗില്ലും ഒന്നിച്ചതോടെ അപകടം ഒഴിവായി. ലങ്കന്‍ ബോളര്‍ ചമീരയുടെ പന്തില്‍ കോഹ്‌ലി രണ്ട് വട്ടം ക്യാച്ച് നല്‍കി വാംഖഡെയിലെ കാണികളെയും ഭാരത ക്രിക്കറ്റ് ആരാധകരെയും നന്നായി പേടിപ്പെടുത്തി. ലങ്കന്‍ ഫീല്‍ഡര്‍മാരുടെ കൈകള്‍ ചോര്‍ന്നത് തുണയായി. ടൂര്‍ണമെന്റില്‍ ആദ്യമായി ഗില്‍ സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയര്‍ന്നതാണ് മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതോടെ താരത്തിന് ലോകകപ്പില്‍ താളംകണ്ടെത്താനായതില്‍ ഭാരത ക്യാമ്പിന് ആശ്വസിക്കാം. ഒപ്പം ശ്രേയസ്സ് അയ്യരുടെ ഫോമും ശ്രദ്ധേയമായി. കോഹ്‌ലി വ്യക്തിഗത സ്‌കോര്‍ 92ലും ഗില്‍ 88ലും പുറത്തായതിന് പിന്നാലെ ഭാരത ഇന്നിങ്‌സ് ചെറുതായൊന്ന് മന്ദഗതിയിലായി. 32 ഓവറില്‍ 196 റണ്‍സായിരുന്നു. പിന്നീട് കണ്ട കാഴ്ച ലോകകപ്പ് ഇതുവരെ കാണാന്‍ സാധിക്കാതിരുന്ന ശ്രേയസ്സ് അയ്യരുടെ വിശ്വരൂപമായിരുന്നു. കെ.എല്‍. രാഹുലും(21) സൂര്യകുമാര്‍ യാദവും(12) പുറത്തായപ്പോഴും മറുവശത്ത് ഒന്നിനെയും കൂസാതെ അയ്യര്‍ തകര്‍ത്തടിച്ചുകൊണ്ടിരുന്നു. 56 പന്തുകള്‍ നേരിട്ട ശ്രേയസ്സ് ആറ് സിക്‌സറും മൂന്ന് ബൗണ്ടറികളും സഹിതം 82 റണ്‍സെടുത്താണ് പുറത്തായത്. ഭാരത ബാറ്റിങ് നിരയിലെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ലങ്കന്‍ ബോളര്‍ ദില്‍ഷന്‍ മധുഷനകയെ കണക്കിന് പ്രഹരിച്ചാണ് താരം ക്രീസ് വീട്ടത്. 48-ാം ഓവറില്‍ മധുഷനകയെ തുടരെ രണ്ട് പന്തുകളില്‍ സിക്‌സറിന് പറത്തിയ താരം മൂന്നാം പന്തില്‍ സിക്‌സര്‍ ടിക്കാനുള്ള ശ്രമത്തില്‍ പുറത്താകുകയായിരുന്നു.
ശ്രേയസ്സ് പുറത്തായതോടെ ഭാരതത്തിന്റെ അംഗീകൃത ബാറ്റര്‍മാരുടെ നിര തീര്‍ന്നു. പക്ഷെ മോശമാക്കാന്‍ രവീന്ദ്ര ജഡേജ ഒരുക്കമായിരുന്നില്ല. 24 പന്തുകള്‍ നേരിടുന്നതിനിടെ പന്ത് അതിര്‍ത്തികടത്തിയത് രണ്ട് വട്ടം മാത്രം ഒരു സിക്‌സും ഒരു ഫോറും. പക്വതയുള്ള ബാറ്ററെ പോലെ വിക്കറ്റ് കളായതെ വിക്കറ്റിനിടയിലൂടെയുള്ള ഓട്ടത്തിലൂടെ ഭാരത ടോട്ടല്‍ 350 കടത്തി. അവസാന പന്തില്‍ രണ്ടാം റണ്ണിന് ഓടുമ്പോഴാണ് താരം പുറത്തായത്.
പിന്നീട് ലങ്ക ബാറ്റ് ചെയ്യാനിറങ്ങി കണ്ണഞ്ചിക്കുന്ന വേഗത്തില്‍ എല്ലാം മിന്നിമാഞ്ഞു. ബുംറ ഒരു വിക്കറ്റ്, സിറാജ് മൂന്ന് വിക്കറ്റ്, ഷമി അഞ്ച് വിക്കറ്റ്, ജഡേജയുടെ ഒരു വിക്കറ്റ് നേട്ടത്തോടെ ദില്‍ഷന്‍ മധുഷനകയെ പുറത്താക്കി ഭാരതം സെമി പ്രവേശം അരക്കിട്ടുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: