ഐസ്വാള്‍: വമ്പന്‍ റാലികളില്ല, റോഡ് ഗതാഗതം തടസ്സപ്പെടുത്താറില്ല, നിരത്തില്‍ പടുകൂറ്റന്‍ ബോര്‍ഡുകള്‍ നിരത്താറില്ല… മിസോറാം തെരഞ്ഞെടുപ്പ് പ്രചാരണം പണ്ടേ വേറിട്ട വഴിയിലാണ്. ബിജെപിയും എംഎന്‍എഫും കോണ്‍ഗ്രസും അടക്കം എല്ലാ പാര്‍ട്ടികളും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗ്രാമയോഗങ്ങളിലാണ്.
എല്ലാ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കുന്ന പൊതുവേദികള്‍ രൂപീകരിച്ച് മിസോ പീപ്പീള്‍സ് ഫോറം(എംപിഎഫ്) എന്ന സംഘടന പുതിയൊരു മാതൃകയും ആരംഭിച്ചു. ഗ്രാമങ്ങളില്‍ എല്ലാ വോട്ടര്‍മാരെയും പങ്കെടുപ്പിച്ചുള്ള പൊതുവേദിയില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും സംസാരിക്കാന്‍ 20 മിനിട്ട് സമയം നല്‍കും. അവര്‍ പറയുന്നത് വോട്ടര്‍മാര്‍ കേള്‍ക്കും. പരസ്പരം പോര്‍വിളിയില്ല, മുദ്രാവാക്യം വിളി ഇല്ലേയില്ല.
മിസോറാം മാതൃക മറ്റ് സംസ്ഥാനങ്ങളും പിന്തുടരണമെന്നാണ് എംപിഎഫ് സംഘടിപ്പിച്ച പൊതുവേദിയുടെ അനുഭവമറിഞ്ഞ മുപ്പതുകാരനായ ലാല്ഫക്സുവാല റെന്ത്ലി പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പ് മുതല്‍ ഇത്തരം വേദികള്‍ പ്രചാരത്തിലുണ്ടെന്ന് റെന്ത്ലി പറഞ്ഞു. ജനങ്ങള്‍ കാര്യങ്ങള്‍ കേള്‍ക്കുന്നു. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. കത്തിക്കുത്തില്ല, കൊലപാതകമില്ല. എല്ലാം ശാന്തം, സമാധാനാപരം.
എല്ലാവരിലും എത്തിച്ചേരാനുള്ള നല്ല വേദിയാണിതെന്ന് പ്രീ-സ്കൂള്‍ അധ്യാപികയായ മാലി പറയുന്നു. സ്ഥാനാര്‍ത്ഥികള്‍ ഒരുമിച്ച് പ്രചാരണം നടത്തുന്ന രീതി പരസ്പരം സൗഹൃദം സൃഷ്ടിക്കും, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: