തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരെ എത്തിച്ച് കേരളീയം ഉദ്ഘാടന സദസ്സ് സമ്പുഷ്ടമാക്കിയപ്പോള്‍ തലസ്ഥാനത്തെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായി. ഇന്നലെ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തിയവര്‍ക്ക് നിരാശയോടെ മടക്കം.
ഇന്നലെ ആലപ്പുഴ,കൊല്ലം വഴി വന്ന ട്രയിനുകളില്‍ ഭൂരിഭാഗം യാത്രക്കാരും ഈ ജില്ലകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്നു. നിര്ബദ്ധമായും കേരളീയം ഉദ്ഘാടനത്തിന് എത്തണമെന്ന വകുപ്പ് മേധാവിമാരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു ജീവനക്കാര്‍.
നവംബര്‍ ഏഴുവരെ നടക്കുന്ന കേരളീയം പരിപാടികളില്‍ തിരുവനന്തപുരം നഗരപരിധിയിലെ താല്പര്യമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓഫീസ് പ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാകാത്ത രീതിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്കി ഉത്തരവും ഇറക്കി. ഇതോടെ ഇന്നുമുതല്‍ ഒപ്പു വച്ച ശേഷം ജീവനക്കാര്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം.
നാല് പ്രധാന വേദികളില്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. കൂടാതെ നിയമസഭാ സമുച്ചയത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവവും. ഇതിലേയ്ക്കെല്ലാം സദസ്സിനു വേണ്ടി ആളെ സംഘടിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും. അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരെ എത്തിയ്ക്കുക മാത്രമെ വഴിയുള്ളൂ. ജീവനക്കാര്‍ പങ്കെടുക്കണമെന്ന് യൂണിയന് നേതാക്കള്‍ കര്‍ശന നിര്‍ദേശവും നല്കി.
കേരള സര്‍വകലാശാലകളിലെ ഒരാഴ്ചത്തെ പരീക്ഷകള്‍ കേരളീയത്തിനു വേണ്ടി മാറ്റി വച്ചു. ഒരു സര്‍ക്കാര്‍ പരിപാടിക്കു വേണ്ടി ഒരാഴ്ചത്തെ പരീക്ഷകള്‍ മാറ്റുന്നതും ഇതാദ്യം. കേരളീയത്തില്‍ പങ്കെടുക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുസ്തകോത്സവം കാണിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികളെ കൊണ്ടുവരണമെന്ന് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ഇവര്‍ കേരളീയവും കണ്ട് മടങ്ങണം. കുടുംബശ്രീക്കാര്‍ക്കും അന്ത്യശാസനമുണ്ട്. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും.
നവംബര്‍ ഏഴ് വരെ എംജി റോഡില്‍ കനകക്കുന്ന് മുതല്‍ കിഴക്കെകോട്ട വരെ വൈകുന്നേരങ്ങളില്‍ ഗതാഗതം നിരോധിച്ചു. ഇതോടെ ഈ റോഡിന് ഇരുവശവും പ്രവര്‍ത്തിക്കുന്ന വ്യാപാരികളുടെ കച്ചവടവും ഒരാഴ്ചത്തേക്ക് പൂട്ടി. തലസ്ഥാനത്തെ ഈ പ്രധാന റോഡിലാണ് വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചത്തെ ഓണാഘോഷങ്ങള്‍ നടന്നപ്പോള്‍ പോലും ഗതാഗതം നിരോധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: