കൊച്ചി: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കെടിഡിഎഫ്‌സിക്കുവേണ്ടി സംസ്ഥാന ധനവകുപ്പിലെ അണ്ടര്‍ സെക്രട്ടറിയും ലെയ്‌സണ്‍ ഓഫീസറുമായ ജോസ് വി. പെട്ട ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ പക്കലുള്ള സാമ്പത്തിക വിഭവത്തിന് അനുസരിച്ച് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും അവയുടെ നിത്യച്ചെലവുകള്‍ക്ക് പണം നല്കാന്‍ സര്‍ക്കാരിന് നിയമപരമായ യാതാരു ബാധ്യതയുമില്ല. കെഎസ്ആര്‍ടിസിയേയും കെടിഡിഎഫ്‌സിയേയും കൈയൊഴിഞ്ഞ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ലക്ഷ്മികാന്ത് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് , കെടിഡിഎഫ്സിയുടെ ഗാരന്റര്‍ ആണെങ്കിലും, പണം മടക്കി നല്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയുമില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്കിയത്.
സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 2018 മുതല്‍ ഈ ഒക്‌ടോബര്‍ 15 വരെയായി കെഎസ്ആര്‍ടിസിക്ക് 8440 കോടി രൂപ നല്കിയിട്ടുണ്ട്, സത്യവാങ്മൂലം തുടരുന്നു.
കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്ക്കാനും നിര്‍ദേശിച്ചു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കേന്ദ്രം പൊതു മേഖലാ സ്ഥാനങ്ങളുടെ ഓഹരി വില്ക്കുന്നുവെന്ന് പറഞ്ഞ് നിരന്തരം വിവാദമുണ്ടാക്കുന്ന ഇടതു പക്ഷമാണ്, കെഎസ്ആര്‍ടിസിയുടെ സ്വത്ത് വില്ക്കാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യം ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
സത്യവാങ്മൂലത്തില്‍ നിന്ന്:
‘കെഎസ്ആര്‍ടിസി എടുത്ത വായ്‌പ്പ മടക്കി നല്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കെടിഡിഎഫ്‌സിക്ക് 55.6 കോടി രൂപ നല്കിയിരുന്നു. ഈ പണം കൊണ്ടാണ് അവര്‍ മാര്‍ച്ച് 31 വരെകാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്കിയത്. സപ്തംബര്‍ 31 വരെ കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കി നല്കാന്‍ ഇനി 151 കോടി രൂപ കൂടി വേണം. കെഎസ്ആര്‍ടിസിയുടെ പക്കലുള്ള നാലു ഡിപ്പോകള്‍ (തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട്) എന്നിവ കെടിഡിഎഫ്‌സിക്ക് കൈമാറി അങ്ങനെ വായ്‌പ്പയില്‍ തട്ടിക്കിഴിക്കാനും കെടിഡിഎഫ്‌സി ഇവ ഉപയോഗിച്ച് പ്രവര്‍ത്തന മൂലധനം കണ്ടെത്താനും അങ്ങനെ നിക്ഷേപര്‍ക്ക് പണം മടക്കി നല്കാനും ആര്‍ബിഐയുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കെഎസ്ആര്‍ടിസി ഒന്നും ചെയ്തില്ല. ഒരു നിര്‍ദേശവും ധനവകുപ്പിന് നല്കിയതുമില്ല. മേല്‍പ്പറഞ്ഞ വസ്തുക്കള്‍ പണയം വച്ചോ ഒന്നോ രണ്ടോ സ്വത്തുക്കള്‍ പുറംകക്ഷികള്‍ക്ക് വിറ്റോ പണമുണ്ടാക്കി സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നുമുണ്ടായില്ല. ഇരു കക്ഷികളും ചേര്‍ന്ന് നിക്ഷേപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
കെടിഡിഎഫ്‌സി പ്രത്യേക സ്ഥാപനമാണ്. അവര്‍ സ്വയം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കെഎസ്ആര്‍ടിസി എടുത്ത വായ്‌പ്പ തിരിച്ചടയ്‌ക്കാനുള്ളതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് കെഎസ്ആര്‍ടിസിയാണ്. അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയില്ല. ഇരു കൂട്ടര്‍ക്കും ആവശ്യമായ സ്വത്തുള്ളതിനാല്‍ നിക്ഷേപങ്ങളുടെ ഗാരന്റര്‍ എന്നു പറയുന്ന സര്‍ക്കാര്‍ ഇത് വഹിക്കേണ്ടതുമില്ല. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി 1000 കോടിയുടെ സ്ഥാവര സ്വത്തുക്കളാണ് ഇവര്‍ക്കുള്ളത്. മാത്രമല്ല കെടിഡിഎഫസിക്കു വേണ്ടി സര്‍ക്കാര്‍ നിയമപരവും സാധുവുമായ ഗാരന്റി കരാര്‍ ഉണ്ടാക്കിയിട്ടുമില്ല. നിക്ഷേപകര്‍ക്ക് പണം മടക്കി നല്കാന്‍ സര്‍ക്കാരിന് ഒരു ബാധ്യതയും ഇല്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: