Categories: India

രാംലല്ലയുടെ ‘അക്ഷതം’ കോടാനുകോടി ഭക്തരിലേക്ക് എത്തിക്കും: ചമ്പത്ത് റായ്

Published by

അയോധ്യ: രാംലല്ലയ്‌ക്ക് പൂജ ചെയ്ത അക്ഷതം രാജ്യമൊട്ടാകെയുള്ള രാമഭക്തര്‍ക്ക് വിതരണം ചെയ്യുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്.

അക്ഷതമൊരുക്കുന്നതിനായി 100 ക്വിന്റല്‍ അരിയാണ് അയോധ്യയിലെത്തുക. ഓരോ ക്വിന്റല്‍ മഞ്ഞള്‍പ്പൊടിയും നെയ്യും ഇതോടൊപ്പം എത്തിക്കും. അക്ഷതമൊരുക്കി നവംബര്‍ 5ന് ദേവസന്നിധിയില്‍ കലശത്തില്‍ സ്ഥാപിക്കും. വിശ്വഹിന്ദു പരിഷത്ത് സംഘടനാ സംവിധാനത്തിലൂടെയാണ് അക്ഷതം കോടാനുകോടി വീടുകളിലെത്തിക്കുക. എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിഎച്ച്പി പ്രതിനിധികള്‍ അഞ്ചിന് അയോധ്യയിലെത്തുമെന്ന് ചമ്പത്ത് റായ് പറഞ്ഞു. പ്രാദേശികഭാഷകളിലടക്കം തയാറാക്കിയ ലഘുലേഖകളും അക്ഷതത്തിനൊപ്പം വീടുകളിലെത്തിക്കും.

ജനുവരി ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലായി രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിലേക്ക് അക്ഷതം എത്തും. ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വീടുകളിലുമടക്കം അയോധ്യയിലെന്നതുപോലെ ഭജനയും നാമജപവും നടത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കും.

ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്യുന്നതിന് സംവിധാനമൊരുക്കുമെന്ന് ചമ്പത്ത് റായ് കൂട്ടിച്ചേര്‍ത്തു. പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ തത്സമയം കാണുന്നതിന് എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്ര ട്രസ്റ്റ് ക്രമീകരണങ്ങള്‍ ചെയ്യും. ചടങ്ങുകള്‍ ലോകത്തിന് കൈമാറുന്നതിനായി അയോധ്യയില്‍ പു
തിയ ഓഫീസ് തുറന്നു. ഈ ഓഫീസിലേക്ക് ലെയ്സണ്‍ ഓഫീസറായി കൗസ്തുഭ് കര്‍മാര്‍ക്കറെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by