പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ എങ്ങുമെത്താത്തതിന്റെ കുറ്റം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഏജന്‍സിയുടെമേല്‍ ചാരി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്.
പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം. നിലയ്ക്കലില്‍ ഇത്തവണയും സംവിധാനങ്ങള്‍ പാളുമെന്ന് ബോധ്യമായതോടെയാണ് തലയൂരാന്‍ മന്ത്രിയുടെ ശ്രമം.
ഇടത്താവളങ്ങളുടെ ഒന്നാം ഘട്ട വികസനം ഏറ്റെടുത്ത ഏജന്‍സി പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ദേവസ്വം മന്ത്രി സമ്മതിക്കുന്നത്. നിര്‍മ്മാണം ഏറ്റെടുത്ത നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും ഭക്തരെയും പറ്റിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വര്‍ഷങ്ങളായി ഈ നിലപാടാണ് ഏജന്‍സി തുടരുന്നത്. കഴക്കൂട്ടം, വയനാട്, ചെങ്ങന്നൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഇടത്താവള നിര്‍മ്മാണമാണ് ഏജന്‍സി നടത്തുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തനം ഒരിടത്തും പൂര്‍ത്തിയായിട്ടില്ല.
കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ ശബരിമല അവലോകനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ കണ്ടത് പാതി വഴി മുടങ്ങിയ ഇടത്താവള നിര്‍മ്മാണമാണെന്ന് മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ എവിടെ എന്ന് ചോദിച്ചപ്പോള്‍ നിലയ്ക്കല്‍ ഇടത്താവളത്തിന്റെ പണി വേഗമാക്കുന്നതിന്റെ ഭാഗമായി അവിടേക്ക് മാറ്റിയതായാണ് അറിഞ്ഞത്. എന്നാല്‍ നിലയ്ക്കലില്‍ വന്നപ്പോള്‍ കണ്ടത് അപൂര്‍ണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്.
പണം മുന്‍കൂര്‍ വാങ്ങിയിട്ടാണ് ഇത്തരത്തിലുള്ള അലംഭാവമെന്നും മന്ത്രി കുറ്റപ്പെടുത്തി. നിരന്തര ഇടപെടല്‍ നടത്തിയിട്ടും ഒരു ഫലവുമില്ലെന്നും മന്ത്രി കൈമലര്‍ത്തി. കേന്ദ്ര ഫണ്ടായി ലഭിച്ച 1.17 കോടി ചെലവാക്കി ക്ലോക്ക് റൂം, ഉദ്യോഗസ്ഥര്‍ക്ക് താമസിക്കുന്നതിനായി 12.45 കോടി ചെലവഴിച്ച് ഏഴ് കെട്ടിടങ്ങള്‍, കെഎസ്ആര്‍ടിസി പാര്‍ക്കിങ് യാര്‍ഡ് നവീകരണം, നവീകരിച്ച മഹേശ്വര ഗസ്റ്റ് ഹൗസ് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: