തെങ്ങമം(പത്തനംതിട്ട): കേരളപ്പിറവി ദിനം നാടെങ്ങും ആഘോഷിക്കുമ്പോള്‍ കേരളപ്പിറവി ദിനത്തില്‍ ജനിച്ചു കേരള കുമാരനായി വളര്‍ന്ന ഒരു മനുഷ്യന്റെ കഥ ആരെയും വിസ്മയിപ്പിക്കും. അടൂര്‍ തെങ്ങമം കൈതയ്ക്കല്‍ സ്വദേശി കേരള കുമാരന് നായരാണ് പേരിലെ അപൂര്‍വത കൊണ്ടും കേരളപ്പിറവി ദിനത്തില്‍ ജനിച്ച പ്രത്യേകത കൊണ്ടും ശ്രദ്ധേയനാകുന്നത്.
കേരള സംസ്ഥാനം രൂപീകൃതമായ 1956 നവംബര്‍ ഒന്നിനു ജനിച്ചതിനാല്‍ കേരള കുമാരന് നായര്‍ എന്ന് തന്റെ മുത്തച്ഛനും പൊതുപ്രവര്‍ത്തകനുമായിരുന്ന നാരായണന് നായര്‍ പേരിട്ടതിന്റെ സന്തോഷത്തിലാണ് 68 വര്‍ഷങ്ങള്‍ക്കിപ്പുറം തെങ്ങമം കൈതയ്ക്കല്‍ ജയശ്രീ നിവാസില്‍ കേരളകുമാരന്‍ നായര്‍.
തെങ്ങമം ഉദയമംഗലത്തു കുടുംബത്തില്‍ വാസുദേവകുറുപ്പിന്റെയും ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്. തോട്ടുവ എല്‍പിഎസ്, പയ്യനല്ലൂര്‍ ഹൈസ്കൂള്‍ എന്നിവടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. കരസേനയില്‍ നിന്നും ഹവില്‍ദാറായി വിരമിച്ച കേരള കുമാരന് നായര്‍ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമാണ്.
ചെറുപ്പം മുതല്‍ ഗാന്ധിയന്‍ ആശയങ്ങളോട് താല്പര്യമുള്ള ആളാണ് കേരളകുമാരന്‍ നായര്‍. പെരിങ്ങനാട് പുത്തന്‍ ചന്തയില്‍ റേഷന്‍ കട നടത്തുന്നു. അടൂര്‍ ഗവ. ഹോസ്പിറ്റലില്‍ നിന്ന് സ്റ്റാഫ് നഴ്സ് ആയി വിരമിച്ച ഇന്ദിരാമ്മയാണ് ഭാര്യ. മക്കള്‍: ജയശങ്കര്‍, ശ്രീലക്ഷ്മി. സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ ഈ പേര് കേള്‍ക്കുമ്പോള്‍ ആളുകള്‍ കൗതുകത്തോടെ സംസാരിക്കാന്‍ വരുന്ന അനുഭവം കേരള കുമാരന് നായര്‍ പങ്കുവയ്ക്കുന്നു. കേരളം എന്നു ചുരുക്കി സ്നേഹത്തോടെ വിളിക്കുന്നവരും ഏറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: