ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുകയാണെന്ന മഹുവ മൊയ്ത്രയുടെ ആരോപണത്തെ പരിഹസിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. “എന്താ കേന്ദ്രസര്‍ക്കാരിന് വേറെ പണിയൊന്നും ചെയ്യാനില്ലേ”- എന്നായിരുന്നു നിഷികാന്ത് ദുബെയുടെ പരിഹാസച്ചുവയുള്ള ചോദ്യം.
എന്തായാലും ഇക്കാര്യം പരിശോധിക്കാന്‍ മഹുവ മൊയ്ത്ര അവരുടെ മൊബൈല്‍ ഫോണ്‍ ദല്‍ഹി പൊലീസിന് നല്‍കണമെന്നും നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. കുറച്ച് പണത്തിന് വേണ്ടി രാജ്യസുരക്ഷ പോലും പണയം വെച്ച ഈ എംപി മുതലക്കണ്ണീരൊഴുക്കുന്നത് കാണുമ്പോള്‍ ചിരിയ്‌ക്കാന്‍ തോന്നുന്നു എന്നും നിഷികാന്ത് ദുബെ പറഞ്ഞു. അദാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദിക്കാന്‍ മഹുവ മൊയ്ത്ര ബിസിനസുകാരന്‍ ദര‍്ശന്‍ ഹിരാനന്ദാനിയില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത് നിഷികാന്ത് ദുബെയാണ്. ഈ ആരോപണം തന്റെ സത്യവാങ് മൂലത്തില്‍ ദര്‍ശന്‍ ഹീരാനന്ദാനി ശരിവെച്ചതോടെ മഹുവ മൊയ്ത്ര പ്രതിരോധത്തിലാണ്. അതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മഹുവ മൊയ്ത്ര പുതിയൊരു ആരോപണവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുക വഴി മോദിയെ അസ്വസ്ഥമാക്കുകയായിരുന്നു മഹുവ മൊയ്ത്രയുടെ ലക്ഷ്യമെന്നും അതുവഴി എളുപ്പത്തില്‍ പ്രശസ്തയാവുകയായിരുന്നു ഗൂഢലക്ഷ്യമെന്നും ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ തന്റെ പക്കല്‍ നിന്നും മഹുവ മൊയ്ത്ര പണം വാങ്ങി എന്ന് മാത്രമല്ല, പാര്‍ലമെന്‍റ് വെബ്സൈറ്റിലെ മഹുവയുടെ പേജിലേക്ക് കടക്കാനുള്ള ലോഗിന്‍ നാമവും പാസ് വേഡും തനിക്ക് എംപി നല്‍കിയിരുന്നെന്നും ദര്‍ശന്‍ ഹീരാനന്ദാനി വെളിപ്പെടുത്തിയിരുന്നു. ഇതോടെ മുഖം നഷ്ടപ്പെട്ട മഹുവ ആദ്യം അദാനിയെ വിമര്‍ശിച്ചത് മൂലം മോദി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ഇരവാദം കളിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ ദര്‍ ശന്‍ ഹീരാനന്ദാനിയുടെ സത്യവാങ്മൂലം മഹുവയുടെ കള്ളം പൊളിച്ചുകളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: