കൊച്ചി: കളമശേരി സംഭവത്തിലെ പ്രതിയെന്ന് പറയുന്ന, ഡൊമിനിക് മാര്‍ട്ടിനെ അറസ്റ്റ് ചെയ്തെങ്കിലും ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഏറെ. മൂന്നുപേരുടെ ജീവനെടുത്ത, 52 പേര്‍ക്ക് പരിക്കേല്‍പ്പിച്ച, ബോംബ് സ്ഫോടനത്തില്‍ ഡൊമിനിക് മാത്രമാണോ പ്രതി, സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള സാങ്കേതികജ്ഞാനമില്ലാത്ത മാര്ട്ടിന് എങ്ങനെ ബോംബുണ്ടാക്കി കൃത്യമായി സ്ഫോടനം നടത്താന്‍ കഴിഞ്ഞു തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍.
കുറ്റകൃത്യം നടത്താന്‍ ഡൊമിനിക് പറയുന്ന കാരണവും യുക്തിസഹമല്ല. യഹോവ സാക്ഷികളുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് കാരണമായി പറയുന്നത്. അതിന്റെ പേരില്‍ ഇങ്ങനൊരു വലിയ കൂട്ടക്കൊലയ്ക്കു പദ്ധതിയിടുമോ? ഒരാള്‍ക്ക് ഒറ്റയ്ക്ക് മറ്റാരുടെയും സഹായം ഇല്ലാതെ ഇത്ര വലിയ സ്ഫോടന പരമ്പര സൃഷ്ടിക്കാന്‍ കഴിയുമോ? വിദേശത്തായിരുന്ന ഡൊമിനിക് അവിടെ വച്ച് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ആളപായം ഉണ്ടാകുന്ന രീതിയില്‍ കൃത്യമായി സ്ഫോടനം നടത്താന്‍ മുന്‍പരിചയം ആവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
റിമോട്ട് കണ്ട്രോള് ഉപയോഗിച്ചു ബോംബ് സ്ഫാടനം നടത്താന്‍ പരിശീലനം ആവശ്യമാണ്. ഓഡിറ്റോറിയത്തിനുള്ളില്‍ വച്ചാണ് റിമോട്ട് അമര്‍ത്തിയത്. എന്നാല്‍, സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത, പ്രതിക്ക് ഇതെങ്ങനെ കഴിയുമെന്നും ചോദ്യമുണ്ട്.മൂന്നു സ്ഫോടനം കൃത്യമായി നടത്തുന്നതിനു വലിയ വൈദഗ്ധ്യം ആവശ്യമാണെന്നാണു പോലീസിന്റെ നിഗമനം. സാങ്കേതിക വിദ്യാഭ്യാസമില്ലാത്തയാള്‍ക്ക് ഇന്റര്‍നെറ്റ് സഹായത്തോടെ മാത്രം ഇതു ചെയ്യാനാകില്ല. എന്നിട്ടും കൃത്യമായി സ്ഫോടനം നടപ്പാക്കിയതതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടാവാം.
പ്രാര്‍ഥനാഹാളില്‍ പൊട്ടിച്ച ബോംബുകള്‍ ഡൊമിനിക് സ്വയം നിര്‍മിച്ചതാണെന്നാണ് വെളിപ്പെടുത്തല്‍. യൂട്യൂബ് ഉള്‍പ്പെടെ ഇന്റര്‍നെറ്റിലെ സൈറ്റുകളില്‍ നിന്നാണ് അതിനുള്ള അറിവു നേടിയതെന്നാണ് മൊഴി. അത്തരം സെര്‍ച്ചുകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യേകം നിരീക്ഷിക്കപ്പെടുമെന്നിരിക്കെ ഏതുവഴിക്കായിരുന്നു തിരച്ചിലെന്ന് വ്യക്തമാകേണ്ടതുണ്ട്.
രാജ്യത്തിന് പുറത്ത് യഹോവ സാക്ഷി വിഭാഗത്തിനെതിരെ നിരവധി അതിക്രമങ്ങളുണ്ടായിട്ടുണ്ട്. അവിടങ്ങളിലെല്ലാം അക്രമികള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ പലതും ഡൊമിനിക്കിലൂടെയും ആവര്‍ത്തിച്ചിട്ടുണ്ട്. അത് യാദൃച്ഛികമാണോ പരപ്രേരണയാലാണോ എന്നു കണ്ടെത്തേണ്ടിവരും. ഡൊമിനിക്കിന്റെ നീണ്ടകാലത്തെ വിദേശവാസവും അനുബന്ധ ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ചു മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ.
ബോംബ് നിര്‍മിക്കാനുള്ള വസ്തുക്കള്‍ എവിടെനിന്നു കിട്ടിയെന്നതും പ്രധാനമാണ്. കൊച്ചിയിലെ പടക്കക്കടയില്‍നിന്നു ചിലതു വാങ്ങിയിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ ലഭ്യമല്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവ എവിടെനിന്ന് ലഭിച്ചു. പരസഹായം ലഭിച്ചിരിക്കാന്‍ സാധ്യത ഏറെയാണ്.
മാത്രമല്ല ബോംബു നിര്‍മ്മിക്കാന്‍ സാധനങ്ങള്‍ വാങ്ങിയതും പഠിച്ചതും ബോംബു വച്ചതും എല്ലാം വീഡിയോയില്‍ ചിത്രീകരിച്ചതും സാധനങ്ങള്‍ വാങ്ങിയതിന്റെ മുഴുവന്‍ ബില്ലുകളും സൂക്ഷിച്ചുവച്ചതും ഈ തെളിവുകളെല്ലാം കിറുകൃത്യമായി പോലീസിനെ ഏല്‍പ്പിച്ചതും അവിശ്വസനീയമാണെന്നാണ് നിയമവിദഗ്ധരും, പോലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയെന്നാണ് ഇവര്‍ പറയുന്നത്. ഇയാള്‍ ഒറ്റ തിരിഞ്ഞ ചെന്നായ്( ലോണ്‍ വോള്‍ഫ്) ആണോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
തൃശ്ശൂര്‍ സ്വദേശിയായ മാര്ട്ടിന് കൊവിഡ് കാലത്താണു പൊന്നുരുന്നി അഞ്ചുമുറിയില്‍ സ്പോക്കണ് കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനം തുടങ്ങിയത്. അവിടെ മാര്ട്ടിന് ഹിന്ദിയായിരുന്നു പഠിപ്പിച്ചിരുന്നത്. പിന്നീട് വിദേശത്തുപോയി. രണ്ടുമാസം മുമ്പാണ് ദുബായ്യില്‍നിന്നു തിരിച്ചെത്തിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നു തൊഴില്‍. ഡെങ്കിപ്പനിമൂലം മകള്‍ ആശുപത്രിയിലായതറിഞ്ഞാണു നാട്ടിലെത്തിയത്. മാര്‍ട്ടിന്റെ ബോംബു നിര്‍മാണത്തെപ്പറ്റി വീട്ടുകാര്‍ക്കു യാതൊരറിവുമില്ല. വിവരമറിഞ്ഞു ഭാര്യയും മകളും അമ്പരപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: