ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വ്യത്യസ്ത വേഷവിധാനങ്ങളോടെ പലഭാഷകള്‍ സംസാരിച്ച് ദേശീയപതാകയുമേന്തി അവര്‍ അമൃതകലശങ്ങളുമായി കര്‍ത്തവ്യപഥിലേക്ക് ഒഴുകിയെത്തി. ഭാരതത്തിലെ വിവിധ നഗര-ഗ്രാമങ്ങളിലെ മണ്ണുകള്‍ നിറച്ച കുടങ്ങള്‍ കൈകളിലേന്തിയായിരുന്നു ഓരോരുത്തരുടേയും വരവ്. രണ്ടുനാള്‍ രാജ്യതലസ്ഥാനത്ത് യുവജനതയുടെ ആഘോഷം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് യുവജനമന്ത്രാലയം നടത്തിയ മേരീ മാട്ടി മേരാ ദേശ് (എന്റെ മണ്ണ്, എന്റെ ദേശം) അമൃതകലശ യാത്ര പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് യുവതീയുവാക്കളാണ് രാജ്യതലസ്ഥാനത്തേക്ക് ഇന്നലെ എത്തിച്ചേര്‍ന്നത്. രാജ്യത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മണ്ണില്‍ ഒരുക്കുന്ന അമൃത വാടികയെന്ന പൂന്തോട്ടത്തിനും അമൃത മഹോത്സവ സ്മാരകത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. തുടര്‍ന്ന് യുവാക്കളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ആസാദി കാ അമൃത മഹോത്സവത്തിന്റെ സമാപന പരിപാടി കൂടിയാണിത്.
രാജ്യത്തെ യുവ ജനതയ്‌ക്കായി എന്റെ യുവഭാരതം (മൈ ഭാരത് പ്ലാറ്റ്ഫോം) എന്ന പുതിയ സംവിധാനത്തിനും പ്രധാനമന്ത്രി ഇവിടെ തുടക്കം കുറിക്കും. സ്വാതന്ത്ര്യ സമര സേനാനികളെയും, ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങളെയും ചടങ്ങില്‍ ആദരിക്കും. ആറു ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് ശേഖരിച്ച മണ്ണ് കര്‍ത്തവ്യപഥില്‍ വിജയ് ചൗക്കിന് സമീപത്തായി തയാറാക്കിയ വേദിയിലെ വലിയ കുംഭത്തിലേക്ക് യുവാക്കളുടെ ഓരോ സംഘങ്ങളുമെത്തി സമര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് രണ്ടായിരത്തോളം യുവതീയുവാക്കളാണ് ദല്‍ഹിയിലെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: