തിരുവനന്തപുരം:സിപിഎം നേതാവും മുന്‍ ആലത്തൂര്‍ എംപിയുമായ പി.കെ. ബിജു യാത്രപ്പടിയായി എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും 12 ലക്ഷത്തിലധികം കൈപ്പറ്റിയതായി പരാതി. സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റിയാണ് ഈ അഴിമതിയെക്കുറിച്ച് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സാങ്കേതിക സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗത്തിന് ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്രയാണ് അനുവദിച്ചിരുന്നതെങ്കിലും പി.കെ. ബിജു തൃശൂരില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതായി കാണിച്ചാണ് തുക എഴുതിയെടുക്കുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പറയുന്നു.
പി.കെ. ബിജു ഭാര്യയ്ക്കൊപ്പം തലസ്ഥാനത്താണ് താമസമെങ്കിലും വന്‍തുക യാത്രാപ്പടിയായി എഴുതി വാങ്ങിയെന്നാണ് പരാതി. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ വാഹനത്തില്‍ പോകുന്നതായി കാണിച്ചാണ് യാത്രാപ്പടി എഴുതിവാങ്ങിയിരിക്കുന്നത്. ഇതിനുള്ള ഇന്‍വോയ്സുകളും നല്‍കിയിട്ടുണ്ട്.
നിയമസഭയില്‍ നിന്നുള്ള രേഖകള്‍ കൂടി കാണിച്ചാണ് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഇത് സംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്. മുന്‍ എംപി എന്ന നിലയില്‍ ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്രയ്ക്കാണ് ഇദ്ദേഹം അര്ഹനെന്നിരിക്കെയാണ് സ്വകാര്യവാഹനങ്ങളില്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതായി കാണിച്ച് വന്‍ തുക തട്ടിയെടുത്തത്.
2021ല്‍ ആണ് പിണറായി സര്‍ക്കാര്‍ പി.കെ. ബിജു ഉള്‍പ്പെടെ ആറ് പേരെ സാങ്കേതിക സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളായി നിയമിച്ചത്. ഇതില്‍ സിറ്റിംഗ് ഫീസായും യാത്രാപ്പടിയായും പി.കെ. ബിജു വന്‍തുക വാങ്ങിയിട്ടുണ്ട്. നിയമസഭയില്‍ അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിന് മറുപടിയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പി.കെ. ബിജു വാങ്ങിയ തുകയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കോളെജ് ഇന്സ്പെക്ഷന് സാങ്കേതിക സര്‍വ്വകലാശാല വന്‍തുകയാണ് നല്‍കുന്നത്. കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് കോളെജ് ഇന്സ്പെക്ഷന് 750 രൂപ അനുവദിക്കുമ്പോള്‍ സാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്ന നിലയില്‍ പി.കെ.ബിജുവിന് കോളെജ് ഇന്സ്പെക്ഷന് ലഭിക്കുന്നത് അയ്യായിരം രൂപയാണ്. പി.കെ. ബിജുവിന്റെ ഭാര്യ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: