തിരുവനന്തപുരം: തന്നെ വർഗീയവാദി എന്ന് വിളിക്കാൻ എന്ത് ധാർമ്മികതയാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചത് ഈ മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തില്‍ കോൺഗ്രസും മിണ്ടുന്നില്ല. തന്റെ രാഷ്‌ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർവ്വകക്ഷിയോഗത്തിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ സോളിഡാരിറ്റി യൂത്ത് മൂവ് മെന്‍റ് സംഘടിപ്പിച്ച ഹിന്ദുത്വത്തെ വേരോടെ പിഴുതെറിയുക എന്ന സെമിനാറില്‍ മുന്‍ ഹമാസ് മേധാവി ഖത്തറില്‍ നിന്നും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് യുവാക്കളോട് പോരാടാന്‍ ആഹ്വാനം ചെയ്തിരുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ഹമാസ് മേധാവിയുടെ ഈ പ്രസംഗം.
ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുപ്പിച്ച വിഷയമാണ് താൻ ഉയർത്തിയത്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരെ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വർഗീയവാദി എന്ന് വിളിക്കും. – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തനിക്ക് എല്ലാ മതവിഭാഗങ്ങളുമായും നല്ല ബന്ധമാണ്. ഒരു വിഭാഗത്തിന് മേൽ കുറ്റം ചുമത്താനുള്ള മത്സരത്തിനില്ല. മുൻവിധിയോട് കൂടി ഞങ്ങൾ സമീപിച്ചിട്ടില്ല. ഹമാസ് നടത്തുന്ന കൂട്ടക്കൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നത്. സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് അവര്‍ എന്ത് സന്ദേശമാണ് നൽകുന്നത് ?- രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
പലസ്തീന് അനുകൂലമായ സമ്മേളനത്തിലാണ് മുന്‍ ഹമാസ് മേധാവിയായ ഖാലിദ് മഷാല്‍ വെര്‍ച്വലായി പ്രസംഗിച്ചത്. ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗ്രൂപ്പിന്റെ യുവവിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ് മെന്‍റാണ് റാലി സംഘടിപ്പിച്ചത്. ബുള്‍ഡോസര്‍ ഹിന്ദുത്വയെ വേരോടെ പിഴുതെറിയുക, വംശവിവേചന സയണിസം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉയര്‍ത്തിയിരുന്നത്. ഈ സംഘടനയ്‌ക്കും റാലിയ്‌ക്കും എതിരെ നടപടിയെടുക്കാന്‍ ബിജെപി ആവശ്യമുയര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. ദേശീയ തലത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: