ഹരിയേട്ടനെ കാണണം എന്ന ചിന്ത ഉള്ളിലുണ്ടായത് അറിവുള്ളവരോട് തോന്നുന്ന ആദരവിനാലാണ്.
വായനകളില്‍ ഇടയ്‌ക്കെവിടെയോ പതിഞ്ഞതാണ് ആര്‍.ഹരി എന്ന പേര്. പിന്നെയാണ് അദ്ദേഹത്തെ പറ്റി കൂടുതല്‍ തിരഞ്ഞത്. രംഗ ഹരി എന്ന ആര്‍.ഹരി എല്ലാവരുടേയും ഹരിയേട്ടനാണ്.
പ്രിയ സുഹൃത്ത് ശരത്തിലൂടെയാണ് ഹരിയേട്ടനെ നേരില്‍ കാണാന്‍ അവസരം ഒരുങ്ങിയത്.
മൂവാറ്റുപുഴയില്‍നിന്ന് മാധവ നിവാസ് എന്ന് ഗൂഗിളില്‍ നോക്കി എത്തപ്പെട്ടത് കടവന്ത്രയിലുള്ള ഏതോ ഒരു മാധവ നിവാസില്‍.
അവിടെ നിന്ന് എളമക്കരയിലുള്ള മാധവ നിവാസിലെത്തുമ്പോള്‍ പറഞ്ഞതിലും വൈകി. ഗെയിറ്റിലുള്ള ആളോട് നേരത്തെ പറഞ്ഞിരുന്നതിനാല്‍ നേരെ ഹരിയേട്ടന്റെ മുറിയിലേക്ക് നടന്നു. പ്രായമേറെയുള്ള മനുഷ്യനാണ്. ആദ്യമായി കാണുകയാണ്. വെറുതെ കാണുക എന്നതിനപ്പുറം ഒന്നുമില്ല. പിന്നെ, എന്തെങ്കിലും പറഞ്ഞാല്‍ കേട്ടിരിക്കുക. അത്ര മാത്രം.
വാക്കറിന്റെ സഹായത്തോടെ പതിയെ നടന്നുവന്ന് കസേരയില്‍ ഇരുന്നു. എന്നെയും ഭാര്യ നസീബുവിനേയും അരികില്‍ വിളിച്ചിരുത്തി.
അസാധാരണ അറിവാണ് ഹരിയേട്ടന്. ബംഗാളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ തന്റെ ബംഗാള്‍ അനുഭവങ്ങള്‍ പറഞ്ഞു ഹരിയേട്ടന്‍. ബംഗാളീ ഭാഷയെ പറ്റി, അവിടുത്തെ കാലാവസ്ഥയെപ്പറ്റി എല്ലാം സംസാരിച്ചു. ‘ഒ’കാരത്തില്‍ ഉച്ചരിക്കുന്ന ബംഗാളി സംസാരിക്കാന്‍ അത്ര എളുപ്പമല്ലെന്ന് പറഞ്ഞത് എത്ര കൃത്യമാണ്. സംസാരത്തിനിടയില്‍ മേശപ്പുറത്തിരുന്ന പാത്രത്തില്‍ നിന്ന് രണ്ടു കഷ്ണം ‘ആംഷൊത്തൊ (മാമ്പഴച്ചാര്‍ ഉണക്കി സ്ലൈസ് ആക്കിയത്) എനിക്കും നസീബുവിനും തന്നു.
ഇത് ബംഗാളില്‍ നിന്നുകൊണ്ടുവന്നതാണെന്ന് പറഞ്ഞ് ഹരിയേട്ടന്‍ ബംഗാളിലെ മാമ്പഴങ്ങളെ പറ്റി സംസാരിച്ചു. ആംഷൊത്തൊ പിന്നീട് കഴിക്കാം എന്ന് കരുതി ഞാനത് കയ്യില്‍ പിടിച്ചപ്പോള്‍ അടുത്തിരിക്കുന്ന ചെറിയ കവര്‍ എടുത്ത് അതില്‍ പൊതിഞ്ഞു വച്ചോളൂ എന്ന് പറഞ്ഞു.
അറിവും അനുഭവങ്ങളും കൂടിച്ചേര്‍ന്ന അസാധാരണ ഭംഗിയുണ്ട് ഹരിയേട്ടന്റെ സംസാരങ്ങള്‍ക്ക്.
ഞങ്ങളോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചീത്ത കൂട്ടുകെട്ടില്‍ ഒന്നും പെട്ടുപോകരുത് എന്നും വേറെ നാട്ടില്‍ പോയി ജീവിക്കുകയല്ലെ ശ്രദ്ധിക്കണം എന്നുമുള്ള സ്‌നേഹത്തോടെയുള്ള ഉപദേശവും തന്നു.
ഞങ്ങളുടെ പേരിന്റെ അര്‍ത്ഥം മുതല്‍ പഠനവും കുടുംബ കാര്യങ്ങളും ജീവിതവും എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഹരിയേട്ടന്‍ എഴുതിയ പുസ്തകങ്ങളും നടത്തിയ പ്രഭാഷണങ്ങളും എണ്ണമറ്റതാണ്.
പക്ഷെ അത്തരം കാര്യങ്ങളൊന്നും സംസാരത്തില്‍ വന്നില്ല.
ഇറങ്ങാന്‍ നേരം ഒരു ഫോട്ടൊ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ സ്‌നേഹത്തോടെ സമ്മതിച്ചു. ഞങ്ങളെ അടുത്തേക്ക് നിര്‍ത്തി സഹായിയെ വിളിച്ച് ഫോട്ടൊ എടുപ്പിച്ചു.
അവിടെനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുറേ വര്‍ത്തമാനങ്ങള്‍ ബാക്കിയുണ്ടല്ലൊ എന്നായിരുന്നു ചിന്ത. എങ്കിലും നിറഞ്ഞ സന്തോഷത്തോടെയായിരുന്നു മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: