കൊച്ചി: 2005 സപ്തംബര്‍ ഒന്‍പത് കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ദിവസം. കേരളത്തില്‍ ഭീകര പ്രവര്‍ത്തനത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമായിരുന്നു കളമശേരിയില്‍ അരങ്ങേറിയത്. രാത്രി ഒന്‍പതു മണിയോടെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഒരു സംഘം ആളുകള്‍ തട്ടിയെടുക്കുകയും കളമശേരിയിലെ വിജനമായ സ്ഥലത്തെത്തിച്ച് കത്തിക്കുകയും ചെയ്തു.
തോക്കും വടിവാളും കാണിച്ച് യാത്രക്കാരെ ബന്ദികളാക്കിയ ശേഷമാണ് ബസ് തട്ടിയെടുത്തത്. യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടണാണ് പിഡിപി പ്രവര്‍ത്തകര്‍ ബസ് കത്തിച്ചത്. കേസില്‍ കണ്ണൂര്‍ സ്വദേശി തടിയന്റെവിട നസീര്‍ ഉള്‍പ്പെടെ നാലു പേരെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു. മദനിയുടെ ഭാര്യ സുഫിയ ഉള്‍പ്പെടെ 10 പേരുടെ വിചാരണ നടക്കുകയാണ്.
കേരളത്തിലെ തീവ്രവാദ സാന്നിധ്യമുള്ള ഗ്രാമ-നഗരങ്ങളുടെ വിവരങ്ങള്‍ എന്‍ഐഎ 2022ല്‍ പുറത്തു വിട്ടിരുന്നു. ഈ പട്ടികയില്‍ എറണാകുളം ജില്ലയില്‍ പാനായിക്കുളം, കോതമംഗലം ടൗണ്‍, ആയിരപ്പാറ, പല്ലാരിമംഗലം, അടിവാട്. മൊറക്കാല. കലൂര്‍, കറുകപ്പള്ളി, ഏലൂക്കര, ഉളിയന്നൂര്‍ എരമം, വെടിമറ, കളമശേരി എന്നീ സ്ഥലങ്ങളും ഉണ്ട്. ഇതില്‍ പെട്ട കളമശേരിയിലാണ് ഇന്നലെ സ്ഫോടനം നടന്നത്.
2009 ജൂലൈ 10ന് പട്ടാപ്പകലാണ് കാക്കനാട് കളക്ടറേറ്റിലെ അഞ്ചാം നിലയില്‍ ഉഗ്രശബ്ദത്തോടെ ടൈമര്‍ ഘടിപ്പിച്ച പൈപ്പ് ബോംബ് സ്ഫോടനം നടന്നത്. പരിസരത്തുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരനെ മാസങ്ങളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചതല്ലാതെ തെളിവ് കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല.
ഇതേ കാലയളവിലാണ് കളക്ടറേറ്റില്‍നിന്ന് ഒരു വിളിപ്പാടകലെയുള്ള അയ്യപ്പ അന്നദാനകേന്ദ്രത്തോട് ചേര്‍ന്ന് അര്‍ധരാത്രിയില്‍ സമാന സ്ഫോടനം നടന്നത്. പിന്നീട് പല ഭീകരവാദ സംഭവങ്ങളിലും അന്വേഷണം കളമശേരിയില്‍ എത്തി. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനും ഇവിടെ വേരുകളുണ്ട്. പ്രെഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസിലും കളമശേരിയില്‍ ഗൂഢാലോചന നടന്നുവെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവും വ്യവസായ കേന്ദ്രമെന്നതുമെല്ലാം മറയാക്കി ഭീകര സംഘടനകള്‍ കളമശേരിയില്‍ പിടിമുറുക്കിയിട്ടുണ്ട്. ലഹരി മാഫിയയും ആയുധ കച്ചവടവും ഗുണ്ടാ സംഘങ്ങളുമെല്ലാം കളമശേരിയില്‍ സജീവം. എന്നാല്‍ പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ തയാറായില്ല. ഇതര സംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഭീകരര്‍ കളമശേരിയില്‍ തമ്പടിച്ചിട്ടുണ്ട്. നക്സലുകളും ഐഎസ് തീവ്രവാദികളും അടക്കം ഇവിടെ നിന്നും പിടിയിലായിട്ടുണ്ട്. ജിഹാദികളും ഇവിടെ സജീവമാണ്. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്. ഈയിടെ എന്‍ഐഎ പിടിച്ച ഐഎസ് മൊഡ്യൂള്‍ തീവ്രവാദികളും കളമശേരിയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചിരുന്നു.
കളമശേരിയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സക്വാഡ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിജിനു താഴെയാണ് 12 വെടിയുണ്ട കണ്ടെത്തിത്. പുഴയുടെ സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ.
ഇത്തരം ഒട്ടേറെ വന്‍കിട കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് കളമശേരി. അതുകൊണ്ടാണ് യഹോവാ സാക്ഷികളുടെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെ സ്ഫോടനങ്ങള്‍ ഉണ്ടായപ്പോള്‍ ഭീകരാക്രമണ സാധ്യതയിലേക്ക് ചര്‍ച്ച എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: