Categories: Kerala

യാത്രാദുരിതത്തിന് ആശ്വാസം: ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍

Published by

പാലക്കാട്: യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധനവും ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തതോടെ പരാതികളുടെ പ്രവാഹമായിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വസം പകരുന്ന അറിയിപ്പാണ് റെയില്‍വേ അധികൃതര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

യാത്രക്കാരുടെ വര്‍ധനവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടിയെന്നാണ് റെയില്‍വേ അറിയിപ്പ്.

എറണാകുളം കണ്ണൂര്‍ (16305) ഇന്റര്‍സിറ്റി എക്‌സ്പ്രസ്, ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് (16307), കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസ് (16308), കണ്ണൂര്‍ എറണാകുളം എക്‌സ്പ്രസ്(16306), ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്(16301), തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്(16302) ട്രെയിനുകളിലാണ് അധിക അണ്‍റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചത്. പുതിയ തീരുമാനം ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ദേശീയപാത വികസനം നടക്കുന്നതിനാല്‍ ജനങ്ങള്‍ കൂടുതലും ട്രെയിനിനെ ആശ്രയിക്കുന്നതും തിരക്ക് വര്‍ധനയ്‌ക്ക് കാരണമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെട്രോള്‍, ഡീസല്‍ വിലവര്‍ധനയും സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ച് പോകുന്നവരും ട്രെയിനെ ആശ്രയിച്ചു തുടങ്ങിയതും യാത്രക്കാരുടെ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ അനിയന്ത്രിത തിരക്കുകള്‍ക്ക് ഈ അറിയിപ്പ് തന്നെ ആശ്വസമാകുമെന്ന് പ്രതീക്ഷിക്കാം.

മലബാറിലെ യാത്രക്കാരുടെ ക്ലേശം പരിഹരിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം മുന്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുമായി ചര്‍ച്ച നടത്തിയിരുന്നു.

തിരക്കു കാരണം യാത്രക്കാര്‍ ശ്വാസംമുട്ടി കുഴഞ്ഞു വീഴുന്നതു പതിവായ പരശുറാം എക്‌സ്പ്രസില്‍ ഒരു ജനറല്‍ കോച്ച് കൂടി അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതായി പി.കെ.കൃഷ്ണദാസ് അറിയിച്ചിരുന്നു.

യാത്രാദുരിതം സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍.സിങ്, പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എന്‍.ശ്രീകുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നായിരുന്നു അന്ന് അറിയിച്ചത്. ഹ്രസ്വദൂര യാത്രയ്‌ക്കായി കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-ഷൊര്‍ണൂര്‍ റൂട്ടൂകളില്‍ കൂടുതല്‍ മെമു സര്‍വീസ് ആരംഭിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by