ഹൈദരാബാദ്: ജാതി സെന്‍സസുമായി ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസുള്‍പ്പെടെയുള്ള ഇന്‍ഡി സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി തെലങ്കാനയില്‍ അമിത് ഷായുടെ വമ്പന്‍ പ്രഖ്യാപനം. ഒബിസി വിഭാഗത്തില്‍ നിന്നോ, പിന്നാക്ക വിഭാഗത്തില്‍ നിന്നോ ഉള്ള ആളായിരിക്കും ബിജെപി വിജയിച്ചാല്‍ മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. പിന്നാക്ക വോട്ടുകള്‍ നിര്‍ണ്ണായക സ്വാധീനമുള്ള തെലങ്കാനയില്‍ അമിത് ഷായുടെ പ്രഖ്യാപനം വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കുകയും വിജയിക്കാമെന്നുമാണ് വിലയിരുത്തല്‍. സൂര്യപേട്ട് മേഖലയില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു അമിത് ഷാ.
”തെലങ്കാനയിലെ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഇവിടെ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ഞങ്ങളെ സഹായിക്കണമെന്നാണ്”. തെലങ്കാനയിലെ അടുത്ത മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കും. ഇക്കാര്യം ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞതാണെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഒരിക്കലും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നയാളല്ല. ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും, ദളിതുകള്‍ക്ക് മൂന്നേക്കര്‍ ഭൂമി നല്‍കുമെന്നെല്ലാം അദ്ദേഹം പറഞ്ഞെങ്കിലും പാലിക്കപ്പെട്ടിട്ടില്ല.
കെസിആറിന് മകന്‍ കെ.ടി. രാമറാവുവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് മകന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെലങ്കാനയില്‍ യഥാര്‍ത്ഥ വികസനം സാധ്യമാകുവെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: