ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരം തിരിച്ചു പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് 74 സീറ്റുകള്‍. പതിവു പോലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടത്തിനാണ് ഇത്തവണയും സാധ്യത എന്നാണ് അഭിപ്രായ സര്‍വേകളുടെ പ്രവചനം.
കോണ്‍ഗ്രസിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തുന്ന നിരീക്ഷകരാണ് കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ജയിക്കാത്ത 74 സീറ്റുകളെക്കുറിച്ച് പറയുന്നത്. ബിജെപിയാവട്ടെ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും വിജയിക്കാത്തത് 11 സീറ്റുകളില്‍ മാത്രം. 2008, 2013, 2018 തെരഞ്ഞെടുപ്പുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
ബിജെപിക്ക് മധ്യപ്രദേശില്‍ 58 സ്ട്രോങ് സീറ്റുകള്‍ ഉണ്ടെന്നാണ് ഈ വിലയിരുത്തല്‍ പറയുന്നത്. അതായത് കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ച സീറ്റുകള്‍. എന്നാല്‍ കോണ്‍ഗ്രസിന് 10 സ്ട്രോങ് സീറ്റുകളേയുള്ളൂ. കോണ്‍ഗ്രസിന് 74 വീക് സീറ്റുകള്‍, കഴിഞ്ഞ മൂന്നു തവണയും ജയിക്കാത്തവ. ബിജെപിക്ക് ഇത് 11 മാത്രം.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളില്‍ കണ്ടു തവണ ജയിച്ച കണക്കു നോക്കിയാലും ബിജെപിക്കാണ് മുന്‍ തൂക്കം, 82 സീറ്റുകളില്‍ ബിജെപി രണ്ടു തവണ ജയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കോണ്‍ഗ്രസ് ജയിച്ചത് 68 സീറ്റുകളില്‍.
ജയിച്ചു കയറാന്‍ വിഷമം പിടിച്ച സീറ്റുകളുടെ എണ്ണത്തില്‍ രണ്ടു പാര്‍ട്ടികളും തുല്യരാണെന്നാണ് വിലയിരുത്തല്‍, ബിജെപി 79, കോണ്‍ഗ്രസ് 78.
230 അംഗ സഭയില്‍ 2008ലും 2013ലും ബിജെപി വലിയ മാര്‍ജിനിലാണ് വിജയിച്ചത് 2008ല്‍ 143, 2013ല്‍ 165. എന്നാല്‍ 2018ല്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റേത് വന്‍ വിജയമായിരുന്നില്ല. വ്യത്യാസം അഞ്ചു സീറ്റുകളായിരുന്നു.
മൂന്നു തവണയും ജയിക്കാത്ത 74 സീറ്റുകള്‍ മാറ്റി വച്ചാല്‍ ബാക്കിയുള്ള 156 സീറ്റുകളില്‍ നിന്ന് കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 116ല്‍ വിജയിക്കേണ്ടി വരുമെന്ന പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്.
ആടി നില്‍ക്കുന്നതെന്ന് വിലയിരുത്തുന്ന 64 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. 2018ല്‍ ഇതില്‍ 41ലും വിജയിച്ചിട്ടും കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ല. 2018ല്‍ വിജയിക്കാന്‍ കഴിയാത്ത ഓരോ സീറ്റിലും ഏഴ് എംപിമാരെ പ്രചരണത്തിനു ചുക്കാന്‍ പിടിക്കാന്‍ നിയോഗിച്ചാണ് ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: