ദമാസ്കസ്: കിഴക്കന്‍ സിറിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡ് കോറുമായി (ഐആര്‍ജിസി) ബന്ധമുള്ള രണ്ടു കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണം. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തിരിച്ചടിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു.
സിറിയന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു വ്യോമാക്രമണം. സ്വയം പ്രതിരോധത്തിലൂന്നിയാണ് ആക്രമണം. ഇസ്രായേല്‍-ഹമാസ് പോരാട്ടവുമായി ഇതിന് യാതൊരു ബന്ധവുമില്ല, അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ഇറാഖിലും സിറിയയിലും യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാന്റെ പിന്തുണയുണ്ടെന്ന് ആരോപിച്ചാണ് വ്യോമാക്രമണം. ഈ മാസം ഇതുവരെ കുറഞ്ഞത് 19 തവണയെങ്കിലും ഇറാന്റെ പിന്തുണയുള്ള സംഘം യുഎസ് സൈന്യത്തിനു നേര്‍ക്ക് ആക്രണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എഫ് 16 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് അമേരിക്ക സിറിയയില്‍ ഇറാഖ് അതിര്‍ത്തിക്ക് സമീപമുള്ള അബു കമല്‍ നഗരത്തിലെ ആയുധശേഖര കേന്ദ്രത്തിലേക്ക് ആക്രമണം നടത്തിയത്. യുഎസ് സൈന്യത്തിനു നേര്‍ക്ക് ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് ഇറാന് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാഖിലും സിറിയയിലുമുള്ള യുഎസ് പൗരന്മാരുടെ സംരക്ഷണത്തിനാണ് വ്യോമാക്രമണമെന്നും ഓസ്റ്റിന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: