സിപിഎമ്മിന്റെ പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രീയം പ്രകടവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. ജമാ അത്തെ ഇസ്ലാമിയും സിമിയും മദനിയുടെ ഐഎസ്എസും എന്‍ഡിഎഫും കടന്നാണ് ഇസ്ലാമിക തീവ്രവാദവും തീവ്രവാദികളും പോപ്പുലര്‍ ഫ്രണ്ടില്‍ എത്തിയത്. താലിബാനെയും അല്‍ഖ്വയ്ദയെയും ഐഎസിനെയുംപോലെ ഭാരതത്തിലും ഇസ്ലാമിക ഭരണവാഴ്ച ലക്ഷ്യംവച്ച് വിദ്വേഷ പ്രചാരണവും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്ന ഈ സംഘടനകള്‍ക്കൊപ്പം നില്ക്കാന് സിപിഎം എല്ലാക്കാലത്തും സന്നദ്ധമായിട്ടുണ്ട്. ചിലപ്പോള്‍ ആ ബന്ധം പ്രത്യക്ഷമായിരുന്നെങ്കില്‍ മറ്റു ചിലപ്പോള്‍ അത് പരോക്ഷമായിരുന്നെന്നു മാത്രം. അധികാരമില്ലാത്തപ്പോള്‍ രാഷ്ട്രീയമായും അധികാരത്തിലിരിക്കുമ്പോള്‍ ഭരണപരമായുമുള്ള പിന്തുണ സിപിഎം ഈ സംഘടനകള്‍ക്ക് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് എതിര്ത്തുപോന്നിട്ടും 2006ല്‍ അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണ അബ്ദുള്‍ നാസര്‍ മദനിക്ക് ലഭിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അധികാരം ദുരുപയോഗിച്ച് മദനിക്കുവേണ്ടി ഇടപെട്ട സംഭവങ്ങള്‍ നിരവധിയാണ്. ഈ ഇടപെടലുകളില്ലായിരുന്നുവെങ്കില്‍ മദനിയെയും തടിയന്റവിട നസീറിനെയുംപോലുള്ള ഭീകരവാദികള്‍ പണ്ടേ ശിക്ഷിക്കപ്പെടുമായിരുന്നു. പക്ഷേ ഇവര്‍ എല്ലാവിധത്തിലും ഇവിടെ സംരക്ഷിക്കപ്പെടുകയാണുണ്ടായത്.
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ മദനിക്കും പിഡിപിക്കും സിപിഎമ്മില്‍നിന്നും സര്‍ക്കാരില്‍നിന്നും ലഭിച്ചതുപോലുള്ള പിന്തുണയാണ് പിണറായി വിജയന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരിക്കുമ്പോള്‍ പോപ്പുലര്‍ഫ്രണ്ടിന് ലഭിക്കുന്നത്. 2016ലെയും 2021ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ പിന്തുണച്ച പോപ്പുലര്‍ഫ്രണ്ട് ഇടതുമുന്നണിയിലെ അനൗദ്യോഗിക ഘടകകക്ഷിയായി മാറി. നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇവര്‍ ഒരുമിച്ചു ഭരിച്ചു. ഇപ്പോഴും അത് തുടരുകയാണ്.
സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും പിന്തുണയോടെ കേരളത്തിനകത്തും പുറത്തും മതതീവ്രവാദവും ദേശവിരുദ്ധ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട്. പൗരത്വ നിയമ ഭേദഗതി, ഹിജാബ് വിവാദം, കൊവിഡ് കാലത്തെ വാക്സിന് വിരുദ്ധ പ്രചാരണം, കശ്മീരിലെ ഭീകരാക്രമണങ്ങള്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ ഒന്നിച്ചുനിന്നു. അരിയും മലരും കുന്തിരിക്കവും കരുതിവച്ചുകൊള്ളാന് മുന്നറിയിപ്പു നല്‍കിക്കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അരുംകൊലപാതകങ്ങളില്‍ പോലീസിന്റെ ഒത്താശ ലഭിച്ചു. ‘പച്ചവെളിച്ച’ത്തിന്റെ തണലില്‍ കാക്കിക്കുള്ളിലെ ജിഹാദികളെപ്പോലും ആഭ്യന്തര വകുപ്പ് പരമാവധി സംരക്ഷിച്ചു.
മതഭരണം ലക്ഷ്യമിട്ട് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുകയും, ഹിംസയും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി നരേന്ദ്രമോദി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിയമപരമായ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ സിപിഎം അതിനൊപ്പമുണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് മുന്‍കൂട്ടി കണ്ടിരുന്നു. അതിനാല്‍ ഒരു സൂചനയും നല്‍കിയില്ല. പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡും നേതാക്കളുടെ അറസ്റ്റും സിപിഎമ്മിനും സര്‍ക്കാരിനും നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. ഇതിന് പകരമായാണ് നിരോധനത്തിനെതിരായ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമാസക്ത ഹര്‍ത്താലില്‍ പോലീസ് നിശ്ശബ്ദത പാലിച്ചതും, പൊതുമുതല്‍ നശിപ്പിച്ചതിന് ഈ നേതാക്കളുടെ സ്വത്തു കണ്ടുകെട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈമനസ്യം പ്രകടിപ്പിച്ചതും.
പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടാണ് സിപിഎമ്മിനുമുള്ളത്. ഗണപതിയെ അധിക്ഷേപിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിനെ പിന്തുണച്ചതും, ഹിജാബിനെ വിമര്‍ശിച്ച പാര്‍ട്ടി നേതാവ് കെ. അനില്‍ കുമാറിനെ തള്ളിപ്പറഞ്ഞതും, മോദി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചതിനെ അനുകൂലിക്കാത്തതും, പൊതുസിവില്‍ കോഡിനെ എതിര്‍ക്കുന്നതും, പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഭീകര സംഘടനയായ ഹമാസിനെ വെള്ളപൂശി അവര്‍ ഇസ്രായേലിനെ ആക്രമിച്ച് നിരപരാധികളെ കൊല്ലുന്നത് ന്യായീകരിക്കുകയുമൊക്കെ ചെയ്യുന്നത് സിപിഎമ്മിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നിലപാടുകളിലെ ഐക്യത്തിന്റെ തെളിവാണ്.
എണ്ണത്തില്‍ കുറവാണെങ്കിലും സിപിഎമ്മിലെ ജിഹാദി മനോഭാവമുള്ള നേതാക്കള്‍ ഈ പാര്‍ട്ടിയുടെ നേതൃത്വത്തെ അടക്കിഭരിക്കുകയാണ്. കെ.ടി. ജലീലിനും എ.എം.ആരിഫിനുമൊക്കെ ലഭിക്കുന്ന പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മുഹമ്മദ് റിയാസിനെയും എ.എന്‍. ഷംസീറിനെയും എ.എ. റഹീമിനെയും പോലുള്ള നേതാക്കള്‍ തങ്ങളുടെ മതേതര മുഖംമൂടികള്‍ അഴിച്ചുമാറ്റാനുള്ള അവസരങ്ങള്‍ പാഴാക്കുന്നില്ല. ഇസ്ലാമിക മതമൗലികവാദം വളര്‍ത്താനും ശക്തിപ്പെടുത്താനും പാര്‍ട്ടിയുടെയും പ്രത്യയശാസ്ത്രത്തിന്റെയും വിലക്കൊന്നുമില്ലാതെ ഇവര്‍ രംഗത്തുവരുന്നു. ഇവര്‍ പറയുന്നതാണ് ശരിയെന്ന് സമ്മതിച്ചുകൊടുക്കാനും, എതിര്‍ക്കുന്നവരെ നിശ്ശബ്ദരാക്കാനും പാര്‍ട്ടിയുടെ അധികാരം ഉപയോഗിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്തുള്ള വിയോജിപ്പുകളെയും പൊതുസമൂഹത്തില്‍നിന്നുള്ള വിമര്‍ശനങ്ങളെയും സിപിഎം കാര്യമാക്കുന്നില്ല. പിണറായി വിജയന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും ഇതില്‍ ഒരു ഘടകമാണ്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് നടത്തുന്ന വിദേശയാത്രകളുമായിപ്പോലും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
തങ്ങളെ മാത്രം നിരോധിച്ചത് വിവേചനപരമാണ്. എന്തുകൊണ്ടാണ് ആര്‍എസ്എസിനെ നിരോധിക്കാത്തത് എന്നൊരു അസംബന്ധ ചോദ്യം പോപ്പുലര്‍ഫ്രണ്ട് ഉയര്‍ത്തിയിരുന്നു. രണ്ട് സംഘടനകളും ഒരുപോലെയാണെന്നും, മോദി സര്‍ക്കാര്‍ പൗരന്മാര്ക്ക് രണ്ടുതരം നിയമങ്ങള്‍ ബാധകമാക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. രാജ്യസുരക്ഷയ്ക്ക് അപകടകരമായ പോപ്പുലര്‍ഫ്രണ്ടുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്യാനാവില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അതിന്റെ തുടക്കംമുതല്‍ ആര്‍എസ്എസ് ആവശ്യപ്പെടുന്നതാണ്. അന്വേഷണത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. ഭാരതത്തോട് ശത്രുത പുലര്‍ത്തുന്ന ബാഹ്യശക്തികളില്‍നിന്ന് മതപരവും രാഷ്ട്രീയവും സാമ്പത്തികവുമായ സഹായങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. കോടതികള്‍ക്ക് ഇക്കാര്യം ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ സംഘടനയുടെ ജയിലില്‍ കിടക്കുന്ന തീവ്രവാദികളായ നേതാക്കള്‍ക്ക് ജാമ്യംപോലും നിഷേധിച്ചിട്ടുള്ളതുമാണ്. ഇതില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തുല്യ ദുഃഖിതരുമാണ്. നിയമം ശക്തമായതുകൊണ്ടും, വിട്ടുവീഴ്ച ചെയ്യാതെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ളതുകൊണ്ടും സിപിഎം ഇക്കാര്യത്തിലുള്ള എതിര്‍പ്പ് പുറത്തുകാട്ടുന്നില്ലെന്നു മാത്രം.
പക്ഷേ സിപിഎം സര്‍ക്കാരിന് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെ എങ്ങനെയെങ്കിലും പ്രീതിപ്പെടുത്തിയേ മതിയാവൂ. പ്രത്യേകിച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍. ഇതിനുള്ള വഴികള്‍ ആലോചിച്ചതിന്റെ ഫലമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത് ചെയ്തിട്ടുള്ളതെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയവും പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയുമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
ഹിന്ദുവിരോധവും ക്ഷേത്രവിരോധവും സിപിഎമ്മിന് സഹജമാണ്. അധികാരം ലഭിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡുകളെ ഇതിന് അവര്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഒരു മതേതര സമൂഹത്തില്‍ ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മറ്റ് മതവിശ്വാസികളെപ്പോലെ ഹിന്ദുക്കള്‍ക്കും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടുപോരുന്നതാണ്. സിപിഎം ആര്എസ്എസിനെതിരാവാനുള്ള ഒരു കാരണവും ഇതാണ്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ വിലക്കുന്നതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പ്രീണിപ്പിക്കുകയെന്ന ദുഷ്ടലാക്കു കൂടിയുണ്ട്. നിങ്ങള്‍ക്കെതിരായ നിരോധനം നീക്കാന്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. പക്ഷേ നിങ്ങളുടെ എതിരാളികളെ ഞങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്നൊരു സന്ദേശം പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: