ആലപ്പുഴ: ക്ഷേത്രങ്ങളെ കമ്യൂണിസ്റ്റുവല്ക്കരണത്തില് നിന്ന് മോചിപ്പിക്കാന്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ അതിശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. ശബരിമലയില്‍ ആചാരങ്ങള്‍ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കുക. ഈ മാസം 28, 29 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്ന ഹിന്ദുനേതൃയോഗം ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നവരെ അകറ്റിനിര്‍ത്താനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ അഴിമതിയും, കെടുകാര്യസ്ഥതയും മൂടിവയ്ക്കാനാണിത്. ഹിന്ദുസംഘടനകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി ക്ഷേത്രങ്ങളെ സമ്പൂര്‍ണമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കീഴിലാക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പൊതുസ്വത്താക്കി മാറ്റുകയാണ് ലക്ഷ്യം. ആചാരങ്ങളേയും, അനുഷ്ഠാനങ്ങളേയും തകര്‍ത്ത് ക്ഷേത്രസംസ്കാരത്തേയും, ക്ഷേത്രവിശ്വാസങ്ങളേയും ഉന്മൂലനം ചെയ്യുകയെന്ന സിപിഎം അജണ്ടയാണ് ദേവസ്വംബോര്‍ഡ് നടപ്പാക്കുന്നത്. നാമജപം പോലും നിരോധിക്കുന്നത് ഈശ്വരവിശ്വാസികള്‍ അല്ലാത്തവര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതിനാലാണ്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ, മന്ത്രിയോ ഈശ്വരവിശ്വാസികളല്ല. വഖഫ് കാര്യമന്ത്രിയും, വഖഫ് ബോര്‍ഡ് ചെയര്‍മാനും അഞ്ചു നേരം നിസ്കരിക്കുന്നവര്‍ ആയിരിക്കണമെന്ന് നി
ര്ബന്ധമുള്ളവര് ക്ഷേത്രഭരണത്തില്‍ അവിശ്വാസികളെ കുത്തിനിറയ്ക്കുന്നത് വിശ്വാസികളെ അവഹേളിക്കുന്നതാണ്. സിപിഎം നേതാക്കളെ ക്ഷേത്രഭരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹൈക്കോടതി വിധി പോലും ലംഘിക്കപ്പെടുന്നു. കാവി കണ്ടാല്‍ കലിയിളകുന്നവരാണ് ദേവസ്വം ഭരിക്കുന്നത്.
ഹിരണ്യകശപുമാരാണ് ഭരിക്കുന്നതെങ്കില്‍ തൂണു പിളര്‍ന്നും നരസിംഹം വരും. ക്ഷേത്രങ്ങളില്‍ മന്ത്രിമാരും, ദേവസ്വം ഭരണക്കാരും രാഷ്ട്രീയം പ്രസംഗിച്ചാല്‍ ശക്തമായി പ്രതികരിക്കും. ക്ഷമയുടെ നെല്ലിപ്പലകയിലാണ് ഹിന്ദുസമൂഹം, അവഹേളനങ്ങള്‍ക്കെതിരെ ഇനി പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, സംസ്ഥാന സമിതിയംഗം ജി. ശശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: