ന്യൂദല്‍ഹി: ഇപ്പോള്‍ പഠിപ്പിക്കുന്ന ഭാരത ചരിത്രത്തില്‍ ഹിന്ദു രാജാക്കന്മാരുടെ ധീരയുദ്ധങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാനല്‍ അധ്യക്ഷന്‍ സി.ഐ.ഐസക്ക്. ഉദാഹരണത്തിന് ദല്‍ഹിയില്‍ സുല്‍ത്താന്‍ ഭരണത്തിന് അടിത്തറയൊരുക്കിയ മുഹമ്മദ് ഗോറിയെക്കുറിച്ച് നമ്മള് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് പടയോട്ടം നടത്തിയ മുസ്ലിം ഭരണാധികാരിയായ മുഹമ്മദ് ഗോറി ഇന്ത്യയെ ആകെ കൊള്ളയടിച്ച ഭരണാധികാരിയാണ്. ഭാരതത്തിലെ അളവറ്റ സമ്പത്ത് കൊള്ളയടിക്കുകയും ഇസ്ലാമിക ഭരണം സ്ഥാപിക്കലുമായിരുന്നു മുഹമ്മദ് ഗോറിയുടെ ആക്രമണ ലക്ഷ്യം. മധ്യഅഫ്ഗാനിസ്ഥാനിലെ ഗോര്‍ പ്രവിശ്യ 1173 മുതല്‍ 1206 വരെ ഭരിച്ച രാജാവാണ് മുഹമ്മദ് ഗോറി. മുഹമ്മദ് ഗോറിയാണ് ഇന്ത്യയില്‍ ഇസ്ലാമിക ഭരണത്തിന് തറക്കല്ലിട്ടത്. പക്ഷെ മുഹമ്മദ് ഗോറി കൊല്ലപ്പെട്ടത് എങ്ങിനെ എന്ന് പഠിപ്പിക്കുന്നില്ല.
പാകിസ്ഥാനിലെ പഞ്ചാബിലും ഭാരതത്തിലെ പഞ്ചാബിലും എല്ലാം ഉള്ള ഗോത്രവര്‍ഗ്ഗക്കാരാണ് ഇന്ത്യയില്‍ വന്‍ കൊള്ള നടത്തി തിരിച്ചുപോകുന്ന മുഹമ്മദ് ഗോറിയെ വധിച്ചത്. പൃഥ്വിരാജ് ചൗഹാനാണെന്നും പറയപ്പെടുന്നുണ്ട്.
അതുപോലെ ഡച്ച് ഈസ്റ്റ് ഇന്ത്യയെ എന്നെന്നേയ്ക്കുമായി ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടിച്ചത് കുളച്ചല്‍ യുദ്ധമാണ്. തിരുവിതാംകൂര്‍ രാജവംശവും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയും 1741ല്‍ ആണ് കുളച്ചലില്‍ ഏറ്റുമുട്ടിയത്. ആ യുദ്ധത്തോടെ ഡച്ചുകാരുടെ ഇന്ത്യയിലെ കോളനിഭരണം എന്ന സ്വപ്നം തകര്‍ത്തു കളഞ്ഞു. മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രം ആരും പഠിപ്പിക്കുന്നില്ല. അതുപോലെ പഴശ്ശിയുടെ വീരയുദ്ധമൊന്നും പാഠപുസ്തകത്തില്‍ ഇല്ല. ഇത്തരം ഹിന്ദു രാജക്കന്മാരുടെ വീരകഥകളൊന്നും ആരും പഠിപ്പിക്കുന്നില്ലെന്നും സി.ഐ.ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: