കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇലക്ട്രോണിക്സ് വകുപ്പില്‍ സ്ഥാപിച്ച 5ജി യൂസ് കെയ്സ് ലാബിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തത്സമയ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
ഏഴാമത് ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഭാഗമായി കേന്ദ്ര ടെലി കമ്യൂണിക്കേഷന്‍സ് വകുപ്പ് രാജ്യത്തെ തെരഞ്ഞെടുത്ത 100 അക്കാദമിക് സ്ഥാപനങ്ങളിലാണ് 5ജി യൂസ് കെയ്സ് ലാബുകള്‍ ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും 5ജിയിലും അതിനപ്പുറവുള്ള സാങ്കേതിക വിദ്യകളിലും കഴിവുകള്‍ വളര്‍ത്തിയെടുക്കാനും നൂതന സാങ്കേതിക വിദ്യകളുമായി അടുത്തിടപഴകുവാനും ലക്ഷ്യം വയ്ക്കുന്നതാണ് 5ജി യൂസ് കെയ്സ് ലാബ്.
ആഗോള ഡിജിറ്റല്‍ എക്കോസിസ്റ്റവുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ഈ ലാബ്. കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നാളെ രാവിലെ പത്തിനാണ് ഉദ്ഘാടനം.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്, സിന്‍ഡിക്കറ്റ് അംഗങ്ങള്‍, ഇലക്ട്രോണിക്സ് വകുപ്പ് മേധാവിയും നോഡല്‍ ഓഫീസറുമായ ഡോ. സുപ്രിയ എം.എച്ച്, കോഡിനേറ്ററും ഇലക്ട്രോണിക്സ് വകുപ്പില്‍ അസി. പ്രൊഫസറുമായ അരുണ്‍ എ ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: