ന്യൂദല്‍ഹി: ഭാരതത്തില്‍ നിയമസഭാ, ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള മോദി സര്‍ക്കാരിന്റെ സ്വപ്നമായ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയുടെ ഉന്നതാധികാര യോഗം ബുധനാഴ്ച നടന്നു. ഉന്നതാധികാര സമിതി അംഗമായ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പങ്കെടുക്കാനെത്തി. ദല്‍ഹിയിലെ ജോധ് പൂര് ഹോസ്റ്റലിലായിരുന്നു ബുധനാഴ്ച യോഗം നടന്നത്.
കോണ്‍ഗ്രസ് വിട്ട ശേഷം പുതുതായി രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) ചെയര്‍മാനാണ് ഇപ്പോള്‍ ഗുലാം നബി ആസാദ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ സംബന്ധിച്ചു.
സെപ്തബറില്‍ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് ലോക് സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു യോഗം. ഇതുവഴി ഇടയ്ക്കിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം ഒഴിവാക്കുകയാണ് ലക്ഷ്യം. 1967 വരെ രാജ്യത്ത് ഒരൊറ്റ തെരഞ്ഞെടുപ്പായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കൂറുമാറ്റം, പിരിച്ചുവിടല്‍, സര്‍ക്കാര്‍ കാലാവധി അവസാനിക്കല്‍ എന്നീ കാരണങ്ങളാല്‍ ഈ രിതി മാറുകയായിരുന്നു. ഇടയ്ക്കിടെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് രാജ്യത്തിന്റെ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതിന് തുല്ല്യമായി മോദി സര്‍ക്കാര്‍ കണക്കാക്കുന്നു.
നിയമ-നീതികാര്യമന്ത്രി അര്ജുന് രാം മേഘ് വാള്, 15ാം ധനകാര്യകമ്മീഷന് ചെയര്മാന് എന്‍.കെ. സിങ്ങ്, മുന്‍ ലോക് സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയെയും ഉന്നതാധികാര സമിതിയില്‍ അംഗമാക്കിയെങ്കിലും പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: