തിരുവനന്തപുരം: പണം ഉളളവര്‍ ആര്‍ഭാടമായി തന്നെ കല്യാണം നടത്തണമെന്ന് നടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. മുന്‍പ് ആര്‍ഭാട കല്യാണങ്ങള്‍ക്ക് താന്‍ എതിരായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അതിധനികരായ മാതാപിതാക്കള്‍ക്ക് ഒരുപാട് പെണ്മക്കള് ഉണ്ടാകട്ടെയെന്നും പറഞ്ഞു.
പണം ഉളളവര്‍ ആ നിലയില്‍ കല്യാണം നടത്തിയാല്‍ വിപണി ഉണരും. അംബാനി 500 കോടിയോ 5000കോടിയോ ചെലവാക്കി വിവാഹം നടത്തിയാല്‍ ആ തുക വിപണിയിലെത്തും. തൂശനിലയ്ക്ക്, ഭക്ഷണ സാധനങ്ങള്‍ക്ക്, കര്‍ഷകര്‍ക്കെല്ലാം അതിന്റെ പ്രയോജനം കിട്ടും. അവരിലേക്കാണല്ലോ ആ പണം ചെന്ന് ചേരുന്നത്. ഈ സ്ഥിതി ഉളളപ്പോള്‍ നമ്മള് മറിച്ച് ചിന്തിക്കുന്നത് തെറ്റായ കാര്യമല്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
ആര്‍ഭാട വിവാഹം കാണുമ്പോള്‍, നിരവധി വീടുകളില്‍ പെണ്മക്കള് ഒന്ന് ഏങ്ങും. തന്റെ അച്ഛന് ഇങ്ങനെ വിവാഹം നടത്തി തരാന്‍ പറ്റില്ലല്ലോ എന്ന് കരുതും. ഇത് കാണുന്ന അച്ഛന് തന്റെ മകളുടെ വിവാഹം ഇങ്ങനെ നടത്താന്‍ പറ്റില്ലല്ലോ എന്ന് ആലോചിച്ച് വ്യസനിക്കും. അങ്ങനെ ഏങ്ങി പോകുന്ന അച്ഛന്മമാര്‍ ഉണ്ടാകും. താനും അങ്ങനെയാണ് കരുതിയിരുന്നത്. എന്നാല്‍ അവരുടെ ഒക്കെ പക്കല്‍ വന്നു ചേരാനുള്ള പണം ആ 500ത്തിലും 5000ത്തിലും ഒക്കെ കാണും- സുരേഷ് ഗോപി പറഞ്ഞു.
തന്റെ മകള്‍ ഭാഗ്യയുടെ വിവാഹം ജനുവരിയിലാണ്. ദൈവം സാമ്പത്തികമായി അനുവദിക്കുന്ന തരത്തില്‍ വിവാഹം നടത്തും. താന്‍ ആഡംബര വിവാഹം നടത്താന്‍ തക്കവണ്ണം പണം ഉള്ളവനല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഗരുഡന് എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെയാണ് സുരേഷ് ഗോപി വിവാഹത്തെ കുറിച്ചുളള വ്യത്യസ്ത കാഴ്ചപ്പാട് പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: