ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും.നാളെ ഉച്ചകഴിഞ്ഞ് മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദ്ദിയില്‍ എത്തുന്ന മോദി അവിടെ ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും.
ക്ഷേത്രത്തിലെ പുതിയ ദര്‍ശന ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ദര്ശന് ക്യൂ കോംപ്ലക്സ് ഭക്തര്‍ക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത അത്യാധുനിക മെഗാ കെട്ടിടമാണ്. പതിനായിരത്തിലധികം ഭക്തര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള ശിതാകരിച്ച നിരവധി കാത്തിരിപ്പ് ഹാളുകള്‍ കെട്ടിടത്തിലുണ്ട്. ക്ലോക്ക്റൂമുകള്‍, ടോയ്ലറ്റുകള്, ബുക്കിംഗ് കൗണ്ടറുകള്‍, പ്രസാദ കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങി എയര്‍കണ്ടീഷന്‍ ചെയ്ത പൊതു സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഈ പുതിയ ദര്ശന് ക്യൂ കോംപ്ലക്സിന്റെ തറക്കല്ലിടല്‍ 2018 ഒക്ടോബറില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.
പ്രധാനമന്ത്രി നിലവന്ദേ അണക്കെട്ടില്‍ ജലപൂജ നിര്‍വഹിക്കുകയും അണക്കെട്ടിന്റെ കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. ഷിര്‍ദിയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.അവിടെ അദ്ദേഹം ആരോഗ്യം, റെയില്‍, റോഡ്, എണ്ണ-വാതകം തുടങ്ങിയ മേഖലകളില്‍ 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. പൊതുപരിപാടിയില്‍ പ്രധാനമന്ത്രി ‘നമോ ഷേത്കാരി മഹാസന്മാന് നിധി യോജന’ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ പ്രധാന് മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 86 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ അധികമായി ലഭിക്കുന്നതിന് ഇത് പ്രയോജനപ്പെടും.
വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി ഗോവയിലെത്തും. അവിടെ മഡ്ഗാവിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും. ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഗോവയില്‍ ആദ്യമായാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഈ മാസം 26 മുതല്‍ നവംബര്‍ 9 വരെയാണ് ഗെയിംസ്. 28 വേദികളിലായി 43 കായിക ഇനങ്ങളിലായി രാജ്യത്തുടനീളമുള്ള പതിനായിരത്തിലധികം കായികതാരങ്ങള്‍ മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: