ന്യൂദല്‍ഹി: 1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ രാജ്യം നേരിട്ട തിരിച്ചടി ദുര്‍ബലമായ നേതൃത്വത്തിന്റെ പ്രഫലനമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കുറവുകളെയാണ് അദേഹം കുറ്റപ്പെടുത്തിയത്. മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെയും പ്രതിരോധമന്ത്രി കൃഷ്ണമേനോന്റെയും കീഴിലുള്ള സര്‍ക്കാരിനെയാണ് അദേഹം എക്സിലൂടെ വിമര്‍ശിച്ചത്.
1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ടതും അപമാനകരവുമായ ഒരു അധ്യായമായി എക്കാലവും രേഖപ്പെടുത്തപ്പെടും. ആയിരകണക്കിന് ഇന്ത്യക്കാരും നമ്മുടെ സായുധ സേനയിലെ അനേകം അംഗങ്ങളും ഹിന്ദി ചിനി ഭായ് ഭായ് നയത്തിനു വേണ്ടി ജീവന് പണയം വെച്ച സമയമായിരുന്നു അത്. ഇതിനു കാരണം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെയും അദ്ദേഹത്തിന്റെ ഇടതുപക്ഷ പ്രതിരോധ മന്ത്രി കൃഷ്ണമേനോന്റെയും രാഷ്ട്രീയ നേതൃത്വമാണെന്നും അദേഹം പോസ്റ്റു ചെയ്തു.
നമ്മുടെ സായുധ സേനയുടെ മനോവീര്യത്തിന് പൊറുക്കാനാവാത്ത നാശം വരുത്തിയത് ദുര്‍ബലമായ നേതൃത്വമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ദുര്‍ബലവും അംഗീകരിക്കാനാകാത്തതുമായ ഈ നേതൃത്വത്തിന്റെ വില ഇന്ത്യ സഹിച്ചു. നമ്മുടെ അഭിമാന രാജ്യം ആഗോള അപമാനമായി മാറി.
ഇത് നമ്മുടെ സായുധ സേനയുടെ മനോവീര്യത്തിന് പൊറുക്കാനാവാത്ത നാശമുണ്ടാക്കി, അവര്‍ സജ്ജരല്ലെങ്കിലും, അവസാന ബുള്ളറ്റ് വരെ വീര്യത്തോടെ പോരാടി. നഗ്നമായ കൈകളാല്‍ ശത്രുക്കള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തി, നിരവധി വീരന്മാര് ഇന്ത്യയെ സംരക്ഷിക്കാന്‍ പോരാടുകയും അവരുടെ ജീവന് ബലിയര്‍പ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുര്‍ബ്ബല നേതാക്കളുടെ ഫലമായി രാഷ്ട്രം പേറുന്ന ഓര്‍മ്മകള്‍ പുതുക്കുന്ന കൂടുതല്‍ വസ്തുതകള്‍ വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: