കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരേ ഉമ തോമസ് എംഎൽഎ. സഖാവെന്ന പരിഗണനയിലാണോ അതോ മുകളിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണോ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതെന്ന് ഉമ തോമസ് ആരാഞ്ഞു.
”എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ലഹരിക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്‌ക്കുകയാണ്. ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ…”, അവർ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വിനായകനെതിരെ മതിയായ തെളിവുകൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. പോലീസ് ആരുടേയും സ്വാധിനത്തിന് വഴങ്ങിയിട്ടില്ല. ബഹളമുണ്ടാക്കിയതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേരളാ പോലീസ് ആക്‌ട് പ്രകാരം മൂന്നുവർഷം തടവു ലഭിക്കാവുന്ന രണ്ടുവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നു കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ഡിസിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: