ജയ്പൂര്‍: മുപ്പത്തിമൂന്നു പേര് ഉള്‍പ്പെട്ട ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇന്നലെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി(ഒഎസ്ഡി) ലോകേഷ് ശര്‍മ സച്ചിന് പൈലറ്റിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത് കോണ്‍ഗ്രസ് പോരിനു പുതിയ പോര്‍മുഖം തുറന്നതിന്റെ സൂചന.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ബിക്കാനീര്‍ വെസ്റ്റ് മണ്ഡലമാണ് ആ പോര്‍മുഖം. മത്സരിക്കാനുള്ള ലോകേഷ് ശര്‍മയുടെ മോഹവും അതിനുള്ള ഗെഹ്ലോട്ടിന്റെ പിന്തുണയുമാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.
അടുത്തിടെ ശര്‍മയെ കോണ്‍ഗ്രസ് ഇലക്ഷന് വാര് റൂമിന്റെ കോ- ചെയര്‍മാനാക്കിയിരുന്നു. വാര് റൂമിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രവര്‍ത്തനങ്ങളില്‍ സച്ചിന്റെ ഉപദേശം തേടാനുമായിരുന്നു സന്ദര്‍ശം എന്നാണ് കൂടിക്കാഴ്ചയ്ക്കു ശേഷം ശര്‍മ വിശദീകരിച്ചത്.
എന്നാല്‍ ഗെഹ്ലോട്ടിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാള്‍ എന്നു വിശേഷിപ്പിക്കുന്ന ലോകേഷ് ശര്‍മ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയാണ് സന്ദര്‍ശനത്തിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ശര്‍മ മത്സരിക്കണം എന്നാണ് ഗെഹ്ലോട്ടിന്റെ ആഗ്രഹം. അടുത്ത ലിസ്റ്റില്‍ ശര്‍മയുടെ പേര് ഉള്‍പ്പെട്ടേക്കും.
ഇക്കാര്യത്തില്‍ സച്ചിന്റെ എതിര്പ്പുണ്ടാവാതിരിക്കാന് മുന്‍കൂട്ടി അനുമതിക്കായിരുന്നു ശര്‍മയുടെ സന്ദര്‍ശനം. ബിക്കാനീര്‍ വെസ്റ്റിലെ സിറ്റിങ് എംഎല്‍എ വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബി.ഡി. കല്ലയാണ്. സീറ്റുമോഹമുണ്ടായിരുന്ന ലോകേഷ് ശര്‍മ നേരത്തേ തന്നെ ഗെഹ്ലോട്ടിന്റെ അനുഗ്രഹത്തോടെ മണ്ഡലത്തില്‍ സജീവമായിരുന്നു.
ശര്‍മയുടെ തുടര്‍ച്ചയായ സന്ദര്‍ശനങ്ങളില്‍ കാര്യം വ്യക്തമായ കല്ല അന്നു തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നതാണ്. ഒരു ഘട്ടത്തില്‍ കല്ല-ശര്‍മ പോര് രൂക്ഷമായിരുന്നു. ശര്‍മയ്ക്കു ബിക്കാനീര്‍ വെസ്റ്റ് നല്കിയാല്, സച്ചിന്റെ ഭാഗത്തു നിന്ന് കല്ലയ്ക്ക് അനുകൂലമായ നീക്കമുണ്ടാവാതിരിക്കാനുള്ള മുന്‍കൂര്‍ ശ്രമമാണ് ഗെഹ്ലോട്ട് നടത്തിയതെന്നാണ് സൂചന.
സച്ചിനെക്കണ്ടു പുറത്തിറങ്ങിയ ശര്‍മയോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ഉന്നയിച്ചു. ബിക്കാനീര്‍ വെസ്റ്റില്‍ നിന്ന് മത്സരിക്കുമോ എന്നു ചോദിച്ചപ്പോള്‍, ഏതു പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കില്ലേ എന്നായിരുന്നു ശര്‍മയുടെ മറു ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: