മാറനല്ലൂര്‍ (തിരുവനന്തപുരം): വൈഭവശാലിയായ ഭാരതത്തിന്റെ രൂപീകരണം ആര്‍എസ്എസിന്റെ ദൗത്യമാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍. കാട്ടാക്കടയില്‍ നടന്ന ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ല വിജയദശമി പഥസഞ്ചലനത്തിന്റെ സമാപനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2047ല്‍ ഭാരതത്തിന്റെ നൂറാം സ്വാതന്ത്ര്യവാര്‍ഷികത്തോടെ ഭാരതം വൈഭവശാലിയാവും. സനാതനമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതമാണ് അന്നുണ്ടാവുക. ഭാരതം ജഗദ്ഗുരുവായി മാറും. ആര്‍എസ്എസിനെ എല്ലാകാലത്തും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അത് ഇന്നും തുടരുന്നു. ഇന്ന് ആര്‍എസ്എസിനെ സംബന്ധിച്ച കേരള സമൂഹത്തിന്റെ ധാരണയില്‍ തിരുത്തലുണ്ടായിട്ടുണ്ട്. ശക്തിശാലിയായ ഭാരതത്തെ സൃഷ്ടിക്കലാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. അതിലൂടെ വിശ്വമംഗളകാരിയായ ലോകം രൂപംകൊള്ളും. ലോകം ഇന്ന് ഭാരതത്തെ ആദരവോടെ നോക്കിക്കാണുന്നതില്‍ സ്വയംസേവകരുടെ പങ്ക് വലുതാണ്. അദ്ദേഹം പറഞ്ഞു.
മലയാളിക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ ഭരണകക്ഷിയുടെ ആളാവണം എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ റിട്ട. എസ്പി എന്‍. സനില്‍കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഭരിക്കുന്നവരുടെ തെറ്റുകള്‍ മറക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണ് നിലവില്‍ കേരളത്തില്‍. കേരളത്തിലെ ഹിന്ദുവിന്റെ സുരക്ഷ ആര്‍എസ്എസിന്റെ കൈകളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാട്ടാക്കട, പാറശ്ശാല, വെള്ളറട, പൂവാര്‍, നെയ്യാറ്റിന്‍കര, ബാലരാമപുരം, മലയിന്‍കീഴ് എന്നീ ഏഴ് ഖണ്ഡുകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം ഗ്രാമജില്ലയിലെ ആയിരക്കണക്കിന് പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരാണ് പഥസഞ്ചലനത്തിന്റെ ഭാഗമായത്.
ജില്ലാ കാര്യവാഹ് ആര്‍. റജി സ്വാഗതം ആശംസിച്ചു. ഗ്രാമജില്ല സംഘചാലക് കെ. അരവിന്ദാക്ഷന്‍, ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷന്‍ പ്രമുഖ് ഡി. ശങ്കര്‍, വിഭാഗ് പ്രചാരക് പി.എന്‍. പ്രമോദ് എന്നിവരും പ്രമുഖ വ്യക്തികളായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജനം ടിവി ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, പ്രൊഫ. മോഹനന്‍ നായര്‍, നവോദയ കൃഷ്ണന്‍കുട്ടി, ഗോപിനാഥന്‍, ഡോ. അശ്വതി, പന്ത ശ്രീകുമാര്‍, വി. ശിവശങ്കരപ്പിള്ള എന്നിവര്‍ സംബന്ധിച്ചു. കേസരി വാരികയുടെ പ്രചാരമാസത്തിന്റെ ഉദ്ഘാടനം പത്ത് മഹിളകള്‍ക്ക് കേസരി കൈമാറി എം. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: