ന്യൂദല്‍ഹി: ചൈനയുടെ രഹസ്യഅജണ്ടകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ചൈനയില്‍ നിന്നും കോടികള്‍ വാങ്ങിയെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ വാര്‍ത്താചാനലായ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയെ അഞ്ച് ദിവസം കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കമ്പനിയുടെ എച്ച് ആര് മേധാവി അമിത് ചക്രവര്‍ത്തിയെയും അഞ്ച് ദിവസത്തേക്ക് കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒക്ടോബര്‍ 25 വരെയാണ് കസ്റ്റഡി കാലാവധി.
ഇവര്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ ന്യൂസ് ക്ലിക്കിലൂടെ ഇന്ത്യയുടെ പരമാധികാരം തകിടം മറിയ്ക്കാന് ശ്രമിച്ചു എന്നും ആരോപണമുണ്ട്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദല്‍ഹി പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് പുര്‍കായസ്തയെയും ചക്രവര്‍ത്തിയെയും ഒക്ടോബര്‍ 3ന് അറസ്റ്റ് ചെയ്തത്.
ഇന്ത്യയ്ക്കെതിരെ വെറുപ്പുളവാക്കാനും ഇന്ത്യയുടെ പരമാധികാരം അട്ടിമറിക്കാനും ന്യൂസ് ക്ലിക്കിലൂടെ എഡിറ്റര്‍ പുര്‍കായസ്ത ശ്രമിച്ചതായി ആരോപണമുണ്ട്. ചൈനയുടെ രഹസ്യ അജണ്ട പ്രചരിപ്പിക്കാന്‍ വന്‍തുക ന്യൂസ് ക്ലിക്ക് വാങ്ങിയതായും എഫ് ഐആറില്‍ പറയുന്നു. ഇന്ത്യയിലെ സിപിഎം നേതാവായ പ്രകാശ് കാരാട്ടിനും ന്യൂസ് ക്ലിക്കുമായി അടുത്ത ബന്ധമുണ്ട്.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പിപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡമോക്രസി ആന്റ് സെക്യുലറിസം (പിഎഡിഎസ്) എന്ന ഗ്രൂപ്പുമായി രഹസ്യഗൂഡാലോചന നടത്തിയെന്നും പുര്‍കായസ്തയ്ക്കെതിരായ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 3ന് ദല്‍ഹിയിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലുമായി ഒരേ സമയം 88 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. എഫ് ഐആറില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെയും അവരുടെ കൂട്ടാളികളുടെയും സ്ഥാപനങ്ങളിലും വീടുകളിലുമായിരുന്നു റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസില്‍ നിന്നും ജേണലിസ്റ്റുകളുടെ വീടുകളില്‍ നിന്നും ഏകദേശം 300ഓളം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡിന് ശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ ജേണലിസ്റ്റുകള്‍ ഉള്‍പ്പെടെ 46 വ്യക്തികളെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: