ന്യൂദൽഹി; ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ ജനതയ്‌ക്ക് സഹായഹസ്തവുമായി ഭാരതത്തിന്റെ ആദ്യ വിമാനം പുറപ്പെട്ടു. 6.5 ടൺ മെഡിക്കൽ സഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഈജിപ്തിലെ അൽഹരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എകസിലൂടെ അറിയിച്ചു.
ഈജിപ്ത് അതിർത്തി വഴി ഗാസ അതിർത്തിയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കും. ഗാസയിലെ ജനങ്ങൾക്ക് ആദ്യഘട്ട മാനുഷികസഹായമെത്തിക്കുന്നതിന് ഈജിപ്തിലെ റാഫ അതിർത്തി കഴിഞ്ഞ ദിവസം തുറന്നിരുന്നു. ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചീകരണ വസ്തുക്കൾ, ജല ശുദ്ധീകരണ ടാബ്ലറ്റുകൾ തുടങ്ങിയ വസ്തുക്കളടങ്ങുന്നതാണ് ഭാരതം അയച്ച സഹായമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘പലസ്തീനിലെ ജനങ്ങൾക്ക് ഭാരതീയരുടെ സമ്മാനം’ എന്ന് സഹായ പായ്‌ക്കുകളിൽ ഒട്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: