നെയ്യാറ്റിന്‍കര: പെറ്റി തികക്കാനുള്ള നെട്ടോട്ടത്തില്‍ ഹൈവേ പോലീസ്. ഗതാഗത കുരുക്കുള്പ്പെടെ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാതെ വളവുകളിലും പ്രധാന ജംങ്ഷനുകളിലുമാണ് ഹൈവേ പോലീസിന്റെ പെറ്റിയടി. പ്രാവച്ചമ്പലം മുതല്‍ കളിയിക്കാവിള വരെ ഹൈവേയില്‍ പരിശോധന നടത്തേണ്ട വാഹനത്തിലെ പോലീസുകാരാണ് രാവിലെ തിരക്കുള്ള ബാലരാമപുരം ജംഗ്ഷനു മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലായി മറഞ്ഞുനിന്ന് ബൈക്ക് യാത്രികര്‍ വരുമ്പോള്‍ രണ്ടുവശത്ത് നിന്നും ഫോട്ടോ എടുക്കുന്നത്.
രാവിലെ ഇത്തരത്തില്‍ പോലീസുകാര്‍ പെറ്റി തികയ്ക്കാന്‍ ഫോട്ടോ എടുക്കുന്നതിനിടയ്ക്ക് തലനാരിഴയ്ക്കാണ് ഒരു ബൈക്ക് യാത്രികന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു വാഹനം പരിശോധിച്ച് വിട്ട ശേഷം മാത്രമേ അടുത്ത വാഹനം നിര്‍ത്തി പരിശോധിക്കാന്‍ പാടുള്ളൂവെന്ന ഡിജിപിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി വാഹനങ്ങള്‍ റോഡില്‍ ചെറുത്ത് നിര്‍ത്തി വരിവരിയായിട്ടാണ് വാഹനപരിശോധന നടത്തുന്നത്.
സ്കൂള്‍, ഓഫീസ് സമയങ്ങളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാതെയുള്ള ഹൈവേ പോലീസിന്റെ പെറ്റിക്കെതിരെ നാട്ടുകാരില്‍ പ്രതിഷേധമുയരുന്നു. നിയമലംഘകര്‍ക്കെതിരെ പെറ്റിയടിക്കുന്നതിനോട് നാട്ടുകാര്‍ക്ക് വിയോജിപ്പില്ല. പക്ഷേ തിരക്കുള്ള സമയങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ടത് ചെയ്യുകയോ, സ്കൂള്‍ കുട്ടികളെ റോഡ് കടത്തി വിടുന്നതിന് തയ്യാറാവുകയോ ചെയ്യാതെ ബാലരാമപുരം ജംങ്ഷനിലെത്തി നടത്തുന്ന പെറ്റയടിക്കെതിരെയാണ് ആക്ഷേപം.
സ്കൂള്‍ സമയത്ത് കാണിക്കുന്ന ശുഷ്കാന്തി നിയമലംഘനം നടത്തി മദ്യപിച്ച് ഇരുചക്രവാഹനമുള്‍പ്പെടെ ഓടിച്ച് പോകുന്നവര്ക്കെതിരെയില്ല. ബാറിനും ബീവറേജസിനും മുന്നില്‍ പെറ്റിയടിക്കുന്നത് കുറവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ബാറില്‍ വാഹനം നിര്‍ത്തി മദ്യപിച്ച് പോകുന്നവരെ പിടികൂടുന്നതിന് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: