തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരും ദുബായ് കോണ്‍സല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമെന്ന് ഇ ഡി. നിര്‍മാണക്കരാര്‍ നേടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെയും ഇടനിലക്കാരി സ്വപ്‌ന സുരേഷിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടിയതു സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍.
സന്തോഷ് ഈപ്പന്റെ വീടും ബാങ്ക് അക്കൗണ്ടുകളും സ്വപ്‌ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. 5.38 കോടി രൂപ മൂല്യമുള്ള ഭൂമിയും അതിലുണ്ട്. ദുബായ് റെഡ് ക്രെസന്റുമായുള്ള ഇടപാടില്‍ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നത്. കരാറിന്റെ മറവില്‍ കള്ളപ്പണ ഇടപാടുമുണ്ടായി.
2018ലെ പ്രളയത്തെ തുടര്‍ന്ന് സഹായം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. പ്രളയത്തില്‍പ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ ദുബായ് റെഡ് ക്രെസന്റ് 20 കോടി രൂപ നല്കാമെന്നായിരുന്നു കരാര്‍.
ദുബായ് കോണ്‍സുലേറ്റും കേരള സര്‍ക്കാരും ചേര്‍ന്നു നടപ്പാക്കിയ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ 4.8 കോടി രൂപ കൈക്കൂലി നല്കി. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തി. ശിവശങ്കര്‍ കേസില്‍ ഒന്നാം പ്രതിയാണ്.
രണ്ടു കോടി രൂപയോളം യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വകുപ്പ് ഓഫീസറായിരുന്ന ഖാലിദ് അഹമ്മദ് അലി ഷൗക്കരി വിദേശത്തേക്ക് കടത്തി. സ്വപ്‌ന സുരേഷാണ് ഇടനിലക്കാരിയായിരുന്നത്.
2020ല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ദുബായ് കോണ്‍സുലേറ്റിലെത്തിയ പെട്ടിയില്‍ സ്വര്‍ണം കടത്തിയതിനെത്തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
ഫഌറ്റ് നിര്‍മാണത്തിനുള്ള 20 കോടി രൂപയുടെ കരാറില്‍ പണി പകുതി പോലും പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ 15 കോടിയിലേറെ രൂപ സന്തോഷ് ഈപ്പന് കൈമാറി. സന്തോഷിന്റെ യൂണിടാക് കമ്പനിക്ക് കരാര്‍ നല്കുന്നതിന് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസില്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ടെണ്ടറില്ലാതെ 24 മണിക്കൂര്‍ കൊണ്ട് യൂണിടാക്കിന് കരാര്‍ നല്കാമെന്ന ഔദ്യോഗിക കത്ത് ലൈഫ് മിഷന്‍ ദുബായ് റെഡ് ക്രെസന്റിന് കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: