ന്യൂദല്‍ഹി: ഇന്ത്യ നല്കിയ സമയപരിധിക്ക് ഒരു ദിവസം മുമ്പ് കാനഡ അവരുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചു. ഈ സമയ പരിധി കഴിഞ്ഞാല്‍ അധികമുളള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തിലാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്.
ഇതോടെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 62 ല്‍ നിന്ന് 21 ആയി കുറഞ്ഞു. ഇത്രയും ഉദ്യോഗസ്ഥരാണ് ഇന്ത്യക്ക് കാനഡയിലുമുളളത്.
പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരില്‍ ചിലര്‍ നയതന്ത്ര പദവിക്ക് പുറത്തുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതാണ് ഇവരെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടാന്‍ കാരണം. ചില നയതന്ത്രജ്ഞര്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതില്‍ വരെ കാര്യങ്ങളെത്തി.
നേരത്തേ ന്യൂദല്‍ഹിയില്‍ നടന്ന കര്‍ഷക സമരം ഇതിന് ഉദാഹരണമാണ്. കേന്ദ്ര സര്‍ക്കാര്‍ സാധാരണ കര്‍ഷകരുടെ താത്പര്യം പരിഗണിച്ച് കൊണ്ടുവന്ന കര്‍ഷക ബില്ലിനെതിരെ വലിയ തോതിലുളള സമരമാണ് അരങ്ങേറിയത്. പഞ്ചാബില്‍ നിന്നുളളവരായിരുന്നു കൂടുതലും സമരത്തില്‍ പങ്കെടുത്തത്. മാസങ്ങള്‍ നീണ്ട സമരം അവസാനിച്ചത് കര്‍ഷക ബില്‍ കേന്ദ്രം പിന്‍വലിച്ചതോടെയാണ്. മാസങ്ങള്‍ സമരം നടത്താനുളള ആസൂത്രണവും ധനസഹായവും ലഭ്യമായതിന് പിന്നിലെ കേന്ദ്രങ്ങളെ കുറിച്ച് അന്ന് തന്നെ സംശമുയര്‍ന്നിരുന്നു.
അക്രമാസക്തമായ സമരത്തിനിടെ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവമുണ്ടായി. അന്ന് കര്‍ഷക സമരത്തെ അനുകൂലിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രംഗത്തെത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുളള നഗ്നമായ ഇടപെടലായിരുന്നു ഇത്. കാനഡയ്ക്ക് ഇന്ത്യയിലുളള താത്പര്യവും അതിനുളള കാരണവും ഇതില്‍ നിന്ന് വ്യക്തമാണ്.സമരത്തിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്നും ഖാലിസ്ഥാന്‍ അനുകൂലികള്‍ സമരത്തില്‍ ഇടപെടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ജസ്റ്റിന് ട്രൂഡോയുടെ ഖാലിസ്ഥാന്‍ സ്നേഹം എന്ത് കൊണ്ടാണെന്ന് മനസിലാക്കാം.ഇന്ത്യയില്‍ നിന്ന് കുടിയേറിയ സിഖ് സമൂഹം കാനഡയില്‍ വലിയ വോട്ട് ബാങ്കാണ്. ഇവരില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ എത്രയോ അധികമാണ്. ഇവരുടെ പിന്തുണയോടെയാണ് ട്രൂഡോ ഭരണം നടത്തുന്നത്.
എന്നാല്‍ തന്റെ ഭരണം നിലനിര്‍ത്താന്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനെ ഇന്ത്യക്ക് അംഗീകരിക്കാനാകില്ല. പ്രത്യേകിച്ചും ഭീകരതയെ പിന്തുണയ്ക്കുക കൂടി ചെയ്യുമ്പോള്‍. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ അത്രയും കാനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതി ഇന്ത്യയിലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യരക്ഷയാണ് പ്രധാനം.
കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രൂഡോയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഉഭയകക്ഷി ബന്ധം വിച്ഛേദിക്കുന്നതിനോ പ്രശ്നം കൂടുതല്‍ വഷളാക്കുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ താത്പര്യപ്പെടുന്നില്ല.എന്നാല്‍ ഭീകരര്‍ക്ക് പിന്തുണ നല്കുന്നിടത്തോളം ഇരുരാജ്യങ്ങളുമായുളള ബന്ധം സാധാരണ നിലയിലാകില്ലെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: