കുന്നംകുളത്ത്, അറുപത്തിഅഞ്ചാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍, പ്രതീക്ഷിച്ചതുപോലെ പാലക്കാട് തുടര്‍ച്ചയായ മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി. സ്കൂളുകളില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടമുയര്‍ത്തി.
നടത്തിപ്പിലെ കൃത്യതകൊണ്ടും സംഘാടന മികവുകൊണ്ടും കായികോത്സവം ഗംഭീരമായി എന്നു പറയാമെങ്കിലും ചില പോരായ്മകള്‍ ബാക്കിനില്ക്കുന്നു. പകലും രാത്രിയിലുമായി മത്സരങ്ങള്‍ നടത്തിയത് കുറച്ചുപേര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കി. പ്രത്യേകിച്ച് ഹൈജംപ് പോലുള്ള ഇനങ്ങള്‍. വെളിച്ചത്തിന്റെ പോരായ്മ തന്നെയായിരുന്നു പ്രധാന കാരണം. ഈ പാളിച്ചകള്‍ പരിഹരിച്ചായിരിക്കണം അടുത്ത വര്‍ഷത്തെ കായികോത്സവത്തിനുള്ള തയ്യാറെടുപ്പ്.
റെക്കോര്‍ഡ് ജേതാക്കള്‍ അടക്കമുള്ള വിജയികളെ അനുമോദിക്കുമ്പോഴും, പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേഷിച്ച് കുറവായിരുന്നു എന്നു പറയാതെ വയ്യ. അപൂര്‍വം ചില പ്രകടനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കായികോത്സവം അക്ഷരാര്‍ത്ഥത്തില്‍ നിരാശയാണ് സമ്മാനിച്ചത്.
കാലവും സൗകര്യങ്ങളും ഇത്രയേറെ പുരോഗമിച്ചിട്ടും ട്രാക്കില്‍ സ്പൈക്ക് ഇല്ലാതെയും പോള്‍വോള്‍ട്ടില്‍ മുളന്തണ്ടും ജിഐ പൈപ്പും ഉപയോഗിച്ചും ചില കുട്ടികള്‍ മത്സരിക്കാനിറങ്ങിയ കാഴ്ച വേദനാജനകമായി. ട്രാക്കിലും ജമ്പിങ് പിറ്റിലും ത്രോയിനങ്ങളിലും കൂടുതല്‍ വേഗവും ദൂരവും ഉയരവും സ്വപ്നം കണ്ടെങ്കിലും പലയിനങ്ങളിലും ശരാശരിയിലും താഴ്ന്ന പ്രകടനമാണ് കണ്ടത്. നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിനിടെ നിരവധി മത്സരാര്‍ത്ഥികളാണ് പേശിവലിവുമൂലം ട്രാക്കില്‍ കുഴഞ്ഞുവീണത്.
പോള്‍വോള്‍ട്ടില്‍ മത്സരിക്കാനിറങ്ങുന്ന ഒരു താരത്തിന് ഏകദേശം ഒരു ലക്ഷം രൂപയിലേറെ വിലമതിക്കുന്ന ഫൈബര്‍ പോള്‍ വാങ്ങാനുള്ള ശേഷി ഉണ്ടായിരിക്കില്ല. സ്കൂള്‍ കായികമേളയിലെ വമ്പന്മാരായ ചില സ്കൂളുകളെ പ്രതിനിധീകരിക്കുന്നവര്‍ മാത്രമാണ് ഫൈബര്‍ പോളുമായി മത്സരിക്കാനിറങ്ങുന്നത്. സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യമാണ് ഈ വിഷയത്തില്‍ ഏറെ കഷ്ടം. ഇനിയും ഇത് അനുവദിച്ചുകൂടാ. അടുത്ത വര്‍ഷം മുതലെങ്കിലും പോള്‍വോള്‍ട്ടില്‍ മത്സരിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫൈബര്‍പോള്‍ ലഭ്യമാക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണം.
അതുപോലെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കാന്‍ ദേശീയ മത്സരങ്ങളിലെപ്പോലെ യോഗ്യതാമാര്‍ക്ക് നിശ്ചയിക്കണം. നിലവില്‍ ജില്ലകളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. എന്നാല്‍ ചില പ്രകടനം കാണുമ്പോള്‍ അത് വേണ്ടെന്ന് പറയാനാണ് തോന്നുക. അത്രയ്ക്ക് പരിതാപകരമായ പ്രകടനമാണ് ചിലയിനങ്ങളില്‍ കണ്ടത്. യോഗ്യതാ മാനദണ്ഡം ഉണ്ടെങ്കില്‍ കായികോത്സവത്തിന്റെ ഗ്രാഫ് ഏറെ ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ കുട്ടികളുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന ഗ്രേസ്മാര്‍ക്ക് ഇല്ലാതാവുമെന്ന കാര്യവുമുണ്ട്. സംസ്ഥാന ചാംപ്യന്‍ഷിപ്പില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ മത്സരിക്കുന്നവര്‍ക്കാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. കായികോത്സവത്തിന്റെ മാനുവല്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അടിയന്തരമായി ചിന്തിക്കേണ്ടത്.
നിരവധി കൗമാര താരങ്ങളുടെ കണ്ണീരും ട്രാക്കില്‍ വീണു. ഈ വര്‍ഷം ഏകദേശം മൂവായിരത്തിലേറെ താരങ്ങളാണ് നാലുദിവസത്തെ കായികോത്സവത്തില്‍ മത്സരിക്കാനിറങ്ങിയത്. മേള നടത്തിപ്പിലെ കൃത്യതയും ചിട്ടയും കുട്ടികളുടെ പരിശീലനത്തിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും വേണ്ടിയിരിക്കുന്നു. അധികൃത ശ്രദ്ധ അടിയന്തിരമായി പതിയേണ്ട ഈ കാര്യമാണ് കുന്നംകുളം കായ്ക്കോത്സവം ഓര്‍മിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: