കൊച്ചി: ഭൂമിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസുള്ള വിവരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എരുമേലി സൗത്ത് വില്ലേജ് ഓഫീസര്‍ കേസുള്ള കാര്യം വ്യക്തമാക്കി കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി അബ്ദുള്‍ ജലീല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് മുരളീ പുരുഷോത്തമനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
തോട്ടം ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജിക്കാര്‍ക്ക് കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ആദ്യം നല്‍കിയിരുന്നില്ല. പിന്നീട് ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതില്‍ വിജിലന്‍സ് കേസുള്ളതിനാല്‍ കെട്ടിട നിര്‍മ്മാണം അനുവദനീയമല്ലെന്ന് വില്ലേജ് ഓഫീസര്‍ രേഖപ്പെടുത്തി. ഇതിനെ ചോദ്യം ചെയ്ത് ഹര്‍ജിക്കര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.
കേസുള്ള കാര്യം കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താന്‍ നിയമമില്ലെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു. വിജിലന്‍സ് കേസുണ്ടെങ്കിലും ഭൂമിയുടെ രേഖകള്‍ വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിലാണെന്നും കേസുള്ളത് ഉദ്യോഗസ്ഥര്‍ക്കെതിരെയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് കേസുള്ള വിവരം രേഖപ്പെടുത്താതെ സര്‍ട്ടിഫിക്കറ്റു നല്കാന് ഹൈക്കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: