കുന്നംകുളം: നാമമാത്രമായ മീറ്റ് റിക്കാര്‍ഡുകള്‍ പിറന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ റിക്കാര്‍ഡ് ബുക്കില്‍ വീണ്ടും പേരെഴുതി ചേര്‍ത്ത് വീണ്ടും കെ. സി. സര്‍വന്‍. കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ സീനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ പുതിയ റിക്കാര്‍ഡ് കുറിച്ചത്. കഴിഞ്ഞ ദിവസം ഹാമര്‍ത്രോയിലും സര്‍വന്‍ റിക്കാര്‍ഡിട്ടിരുന്നു.
ഇന്നലെ രണ്ടാം ത്രോയില്‍ത്തന്നെ 2018ല്‍ മാതിരിപ്പിള്ളി സ്കൂളിന്റെ അലക്സ് പി തങ്കച്ചന് കുറിച്ച 16.53 മീറ്റര്‍ ദൂരം മായ്ച്ചു. അവസാന ത്രോയില്‍ 17.58 ദൂരം കണ്ടെത്തി പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്തു. ഈ ഇനത്തില്‍ വെള്ളി നേടിയത് കീരമ്പാറ സെന്റ് സ്റ്റീഫന്‍സിന്റെ അഭിഷേക് കെ.എസ്(13.21 മീറ്റര്‍).
സ്കൂള്‍ കായികമേളയുടെ റിക്കാര്‍ഡ് ബുക്കില്‍ നാലാം തവണയാണ് സര്‍വന്‍ ഇടം നേടുന്നത്. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗം ഡിസ്കസ് ത്രോ ഇനങ്ങളില്‍ സര്‍വന്റെ പേരിലാണ് എല്ലാ മികച്ച ദൂരങ്ങളും. കൂടുതല്‍ റിക്കാര്‍ഡ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടവും ഇതോടെ സര്‍വന്‍ സ്വന്തമായി. കഴിഞ്ഞ ദിവസം ഡിസ്കസ് 57.71 മീറ്റര്‍ ദൂരത്തേക്ക് പായിച്ചപ്പോള്‍ സര്‍വന്‍ തിരുത്തിയത് സഹോദരന് കെ.സി സിദ്ധാര്‍ഥിന്റെ പേരിലുള്ള റിക്കാര്‍ഡ്.
സ്വന്തം റിക്കാര്‍ഡുകള്‍ തിരുത്തികുറിക്കാന്‍ ഒരു സ്കൂള്‍ മേള കൂടി ഈ പ്ലസ് വണ്കാരന് ബാക്കിയുണ്ട്. 2019ലാണ് ആദ്യ മീറ്റ് റിക്കാര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. സബ്ജൂനിയര് താരമായിരുന്ന സര്‍വന്‍ അന്ന് ഡിസ്കസ് പറത്തിയത് 41.58 മീറ്റര്‍ ദൂരത്തേക്ക്. പോയവര്‍ഷം തിരുവനന്തപുരത്തും ഡിസ്കസില്‍ സര്‍വന്‍ മാജിക്ക് പിറന്നു. ഒറ്റയേറില്‍ ഡിസ്കസ് 50.93 മീറ്റര്‍ ദൂരം താണ്ടിയതോടെ ജൂനിയറിലും റിക്കാര്‍ഡ് താരമായി. അച്ഛന് കെ.സി ഗീരിഷാണ് സര്‍വന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: