ന്യൂദല്‍ഹി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷന് കേസില്‍ കരാറുകാരന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെയും ഇടനിലക്കാരിയായിരുന്ന സ്വപ്ന സുരേഷിന്റെയും സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.
5.38 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ദുബായ് റെഡ് ക്രെസന്റിന്റെ പക്കല്‍ നിന്ന് ലഭിച്ച 20 കോടി രൂപ ഉപയോഗിച്ച് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫഌറ്റുകള്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നേടിയത്സന്തോഷ് ഈപ്പന്റെ യൂണിടാക് എന്ന കമ്പനിയായിരുന്നു.
നാലര കോടി രൂപ കൈക്കൂലി നല്‍കിയാണ് സന്തോഷ് കരാര്‍ നേടിയത് എന്നാണ് ഇഡി ചാര്‍ജ് ചെയ്തിട്ടുള്ള കേസ്. ഇടനിലക്കാരിയായ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനും ഇതില്‍ ഒരുകോടി രൂപ കിട്ടി. ഈ ഒരു കോടി രൂപ പിന്നീട് ശിവശങ്കരന്റെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. സന്തോഷിന്റെ വീടും ഭൂമിയും സ്വപ്നസുരേഷിന്റെ പേരിലുള്ള ഭൂമിയും ബാങ്ക് അക്കൗണ്ടുകളുമാണ് ഇ ഡി മരവിപ്പിച്ചിട്ടുള്ളത്. ഇത് മൊത്തം 5.38 കോടി രൂപയുടെ മൂല്യമുള്ളതാണെന്ന് ഇഡി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: