ന്യൂദല്‍ഹി: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതിനെ തുടര്‍ന്നുളള കാനഡയുടെ ആരോപണം തളളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.രാജ്യാന്തര നയതന്ത്ര ഉടമ്പടികള്‍ ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ.നയതന്ത്ര ഉടമ്പടികള്‍ ഇന്ത്യ ലംഘിച്ചെന്ന് കാനഡ ആരോപിച്ചിരുന്നു.
ഇന്ത്യയില്‍ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. ഇരു രാജ്യങ്ങളിലും നയതന്ത്ര ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സന്തുലിതാവസ്ഥ ഉണ്ടാകണം. വിയന്ന കണ്‍വെന്‍ഷന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ഇന്ത്യ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചില്ലെങ്കില്‍ അവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് കാനഡ വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കാനഡ പൗരന്മാര്‍ക്കും കാനഡ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നയതന്ത്ര ഉദ്യോഗസ്ഥരില്‍ 41 പേരെ ഇന്ത്യയുടെ ആവശ്യ പ്രകാരം കാനഡ പിന്‍വലിച്ചതോടെ 21 ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാത്രമാണ് ഇനി ഇന്ത്യയില്‍ ഉള്ളത്. നയതന്ത്ര പരിരക്ഷ റദ്ദാക്കുമെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും ഇന്ത്യയുടെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്കെതിരാണെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: