കൊച്ചി: രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ യജമാനനും താന്‍ ബിജെപിയിലെ ഒരു പ്രവര്‍ത്തക മാത്രമാണെന്നും രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. കൊച്ചിയില്‍ നടന്ന മാധ്യമ കോണ്‍ക്ലേവില്‍, ‘വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമോ?’ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് സ്മൃതി ഇറാനി ഇതു പറഞ്ഞത്.
‘കോണ്‍ഗ്രസിന്റെ ഈ ധാര്‍ഷ്ട്യം കൊണ്ടാണ് ഞാന്‍ കഴിഞ്ഞ നാലര വര്‍ഷമായി അമേഠിയില്‍ എംപിയായിരിക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ അഞ്ചില്‍ നാല് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനു കെട്ടിവച്ച കാശ് പോയതും’ – അവര്‍ പറഞ്ഞു.
വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ല. പുരുഷന്മാര്ക്ക് അവസരം നഷ്ടപ്പെടുമെന്ന ഭയം കാരണമാണിത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും 4 വര്‍ഷം ലോക്സഭയില്‍ ബില്‍ പിടിച്ചുവച്ചെന്നും അവര്‍ ആരോപിച്ചു.
2027 ഓടെ ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഭാരതത്തിന്റെ വളര്‍ച്ചാ പ്രവചനം 6.1%ല്‍ നിന്ന് 6.3% ആയി പരിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളില്‍ 80 ശതമാനവും കുടുംബത്തില്‍ നിന്നോ അറിയാവുന്ന ആളുകളില്‍ നിന്നോ ആണ് ഉണ്ടാവുന്നത്. ബെംഗളൂരുവിലെ നിംഹാന്‍സുമായി സഹകരിച്ച് നിയമ സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കായി വനിതാ ശിശു വികസന മന്ത്രാലയം രാജ്യത്തുടനീളം കൗണ്‍സിലിങ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തു സ്ഥാപിക്കാന്‍ പോകുന്ന 1036 അതിവേഗ കോടതികളില്‍ 400 എണ്ണം പോക്സോ കേസുകള്ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: