ന്യൂദല്‍ഹി : ഇസ്രായേല്‍-ഹമാസ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ടെലഫോണില്‍ സംസാരിച്ചു. ഗാസയിലെ അല്‍-അഹ്ലി ആശുപത്രിയില്‍ റോക്കറ്റ് പതിച്ച് സാധാരണക്കാര്‍ മരിക്കാന്‍ ഇടയായതില്‍ അനുശോചനം അറിയിച്ചു.
പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ മാനുഷിക സഹായം നല്‍കുമെന്ന് ഉറപ്പുനല്‍കിയ പ്രധാനമന്ത്രി മോദി, ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല തത്വാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ചു. ‘പലസ്തീന്‍ അതോറിറ്റിയുടെ പ്രസിഡന്റ് എച്ച്.ഇ. മഹ്മൂദ് അബ്ബാസുമായി സംസാരിച്ചു. ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലില്‍ സിവിലിയമാരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ എന്റെ അനുശോചനം അറിയിച്ചു. പാലസ്തീന്‍ ജനതയ്‌ക്കായി ഞങ്ങള്‍ മാനുഷികമായ സഹായം നല്‍കുന്നത് തുടരും. തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. അക്രമം മേഖലയിലെ സുരക്ഷാ സ്ഥിതി വഷളാക്കുകയും ചെയ്തു.ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ദീര്‍ഘകാല തത്വാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ചു,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
ഈ മാസം ഏഴിന് ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി പാലസ്തീന്‍ അധികൃതരുമായി സംസാരിക്കുന്നത്.
പ്രധാനമന്ത്രി മോദി ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നേരത്തെ സംസാരിക്കുകയും ചെയ്തിരുന്നു. ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന സംഘര്‍ഷത്തിലെ സിവിലിയന്‍ മരണങ്ങളില്‍ മോദി ബുധനാഴ്ച ഞെട്ടലും ആശങ്കയും പ്രകടിപ്പിച്ചു. ഇസ്രയേലും യുഎസും ഭീകരരായി മുദ്രകുത്തിയ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ദിശ മാറി പതിച്ചതാണ് ആശുപത്രിയിലുണ്ടായതെന്ന് തെളിയിക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേന ഒരു വിശകലന റിപ്പോര്‍ട്ട് ഉദ്ധരിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
ഇന്ത്യ ഇസ്രായേലിനൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശം പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെച്ചൊല്ലി ചര്‍ച്ച തുടങ്ങിയിരുന്നു. ഇന്ത്യക്ക് ഇസ്രയേലുമായി തന്ത്രപരമായ നയതന്ത്ര ബന്ധമുണ്ട്. ഇസ്രയേലും പാലസ്തീനും സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 2017ല്‍, ജറുസലേം മുഴുവന്‍ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിന് യുഎസിനും ഇസ്രായേലിനുമെതിരെ ഇന്ത്യ യു എന്നില്‍ വോട്ട് ചെയ്തു.
പരമാധികാരവും സ്വതന്ത്രവുമായ പാലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതിനുള്ള പിന്തുണയിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ പരമാധികാരവും സ്വതന്ത്രവുമായ പാലസ്തീന്‍ രാഷ്‌ട്രം സ്ഥാപിക്കുന്നതിനുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍, ഇസ്രായേലുമായി സമാധാനത്തില്‍ കഴിയുന്ന പാലസ്തീനാണ് ഇന്ത്യയുടെ താത്പര്യം – വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: