തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി കുഴഞ്ഞ് വീണ് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആംബുലന്‍സില്‍ സ്വദേശത്തേക്ക് കൊണ്ടു പോയി. നെല്ലൂര്‍ വിടവലുരു അലവളപാട് വില്ലേജില്‍ രാജമ്മാള്‍ (65) ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരോടൊപ്പമുണ്ടായിരുന്ന സംഘവും ആന്ധ്രയിലേക്ക് തിരിച്ചു. അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ പത്മനാഭസ്വാമി ക്ഷേത്രം തെക്കേനടയിലെ തെക്കേത്തെരുവ് അമ്മന്‍കോവിലിന് മുമ്പിലായിരുന്നു സംഭവം. നെല്ലൂരില്‍ നിന്ന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പെടെ 45 പേരാണ് തീര്‍ത്ഥാടക സംഘത്തിലുണ്ടായിരുന്നത്. കേരളത്തിലെക്ഷേത്രങ്ങള് സന്ദര്‍ശിക്കുന്നതിനായി ഒരാഴ്ച മുമ്പാണ് ഇവര്‍ ബസില്‍ സ്വദേശത്ത് നിന്ന് പുറപ്പെട്ടത്. ശബരിമല ദര്‍ശനം കഴിഞ്ഞ് പുലര്‍ച്ചെ മൂന്നിനാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്.
ഭജനപ്പുര മഠത്തിന് സമീപം പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായി സംഘാംഗങ്ങള്‍ നടന്നെങ്കിലും അവശത അനുഭവപ്പെട്ടപ്പോള്‍ രാജമ്മാള്‍ പിന്നിലായിപ്പോയി. പെട്ടെന്ന് കുഴഞ്ഞുവീണ് തല റോഡിലെ മാന്‍ഹോളില്‍ ശക്തിയായി ഇടിച്ച് ബോധരഹിതയായി.മുമ്പില്‍ പോവുകയായിരുന്ന സംഘത്തിലെ മറ്റുള്ളവര്‍ രാജമ്മാള്‍ വീണത് അറിഞ്ഞിരുന്നില്ല.
നെറ്റിയില്‍ നിന്ന് രകതം വാര്‍ന്നൊഴുകുന്നത് സമീപത്തുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍ ഓടിയെത്തി. ഫോര്‍ട്ട് പൊലീസിനെയും പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൊലീസിനെയും വിവരം അറിയിച്ചു. ഉടന്‍തന്നെ ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: